തിരുവനന്തപുരം: പാമ്പ് പിടിത്തത്തിൽ അശാസ്ത്രീയമായാണ് പാമ്പിനെ പിടിക്കുന്നതെന്ന് വാവാ സുരേഷ്. കഴിഞ്ഞ ദിവസം പൊൻമുടിയിൽ മരക്കൊമ്പിൽ കയറി ഇരുന്ന രാജവെമ്പാലയെ പിടിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ വീഡിയോയിൽ അശാസ്ത്രീയമായിട്ടാണ് പാമ്പിനെ പിടിക്കുന്നത്. വനം വകുപ്പ് നിർദ്ദേശമനുസരിച്ച് ശാസ്ത്രീയമായി മാത്രമേ പാമ്പിനെ പിടിക്കാൻ പാടുള്ളു. എന്നാൽ ഇത് പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ലെന്നും വാവ സുരേഷ് പറഞ്ഞു.
ശാസ്ത്രീയമായല്ല പാമ്പു പിടിക്കുന്നതെന്ന് പറഞ്ഞ് വാവാ സുരേഷിനെ വനംവകുപ്പ് മാറ്റിനിറുത്തുമ്പോഴാണ് പരിശീലനം ലഭിച്ചവരുടെ ഈ പ്രാകൃത പ്രകടനങ്ങൾ. കഴിഞ്ഞ ദിവസം ഇടിഞ്ഞാറിൽ പുളിമരത്തിൽ കയറിയ രാജവെമ്പാലയെ ഇത്തരത്തിലാണ് കൈകാര്യം ചെയ്തത്. ചാക്കിൽ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പലവട്ടം എടുത്തെറിയുന്നതായും പാമ്പ് കൊത്താനായുന്നതും വീഡിയോയിൽ കാണാം. ഒന്നരമണിക്കൂർ നീണ്ട പ്രകടനത്തിനൊടുവിൽ ആയിരുന്നു പാമ്പിനെ പിടി കൂടിയത്.
പാമ്പിനെ കൈകൊണ്ട് പിടിക്കുന്നത് തെറ്റാണ്. വാലിൽ പിടിച്ചെടുത്താൽ നട്ടെല്ല് ഒടിഞ്ഞു പോകാൻ സാധ്യതയുണ്ട്. കൂടാതെ കശേരുവിന് കേടുപാടുണ്ടാകുമെന്നുമാണ് വനം വകുപ്പ് പറയുന്നത്. പാമ്പു പിടിക്കണമെങ്കിൽ തങ്ങളുടെ പരിശീലന സർട്ടിഫിക്കറ്റ് വേണമെന്നാണ് വനം വകുപ്പ് നിർദ്ദേശം. തിയറി ക്ളാസിൽ വാവ സുരേഷ് പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് പാമ്പിനെ പിടിച്ചാൽ നടപടിയുണ്ടാകുമെന്നും വകുപ്പ് നിർദ്ദേശിച്ചിരുന്നു.
പരിശീലന സർട്ടിഫിക്കറ്റ് കൈയിലുള്ളവരും, മറ്റുള്ളവർക്ക് പരിശീലനം നൽകുന്നവരുമാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ പാമ്പിനെ പിടിക്കുന്നതെന്നും വാവ സുരേഷ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തതിന് വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.















