ലോകത്ത് ചെറുതും വലുതുമായ അനവധി ഇനം മരങ്ങൾ ഉണ്ട്. മരങ്ങൾ ഇല്ലാത്ത ലോകത്തെപ്പറ്റി നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. ഒന്ന് ക്ഷീണിച്ചാൽ തണലിൽ ഇരുന്ന് വിശ്രമിക്കാൻ മരത്തെ ആശ്രയിക്കാത്തവർ ആരാണുള്ളത്. ക്ഷീണിക്കുന്നവർക്ക് തണൽ മാത്രമല്ല ചില മരങ്ങൾ ഭക്ഷണവും നൽകാറുണ്ട്. മരങ്ങളിലെ ഫലങ്ങൾ നാം ഭക്ഷിക്കാറുണ്ട്. എന്നാൽ, തണൽ തേടി ചെല്ലുന്നത് ഒരു കൊലമരത്തിന്റെ മുന്നിലേയ്‌ക്ക് ആണെങ്കിലോ. അങ്ങനെയൊരു മരമുണ്ട്. വിശ്രമിക്കാൻ തണൽ തേടി ഈ മരത്തിന്റെ ചുവട്ടിലേയ്‌ക്ക് എത്തുന്നവർ ഒന്ന് സൂക്ഷിച്ചേ മതിയാവൂ. തെക്ക്- വടക്ക് അമേരിക്കയിൽ കാണപ്പെടുന്ന ഒരു വൃക്ഷത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ലോകത്തിലെ ഏറ്റവും അപകടകരമായ വൃക്ഷമായി കണക്കാക്കപ്പെടുന്ന മരമാണ് ‘മഞ്ചിനീൽ’. ഇതൊരു ആപ്പിൾ മരം പോലെ കാണപ്പെടുന്നു. മാൻസിനെല്ല എന്നും ഇവയെ വിശേഷിപ്പിക്കാറുണ്ട്. ഈ മരത്തിന്റെ ഫലത്തെ ‘മരണത്തിന്റെ ആപ്പിൾ’ എന്നാണ് വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും വിഷമുള്ള വൃക്ഷം എന്ന് അറിയപ്പെടുന്ന മഞ്ചിനീൽ ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. മഞ്ചിനീൽ മരത്തിന്റെ ഫലം ആപ്പിളിന് സമാനരൂപമുള്ളവയാണ്. പഴം കഴിച്ചാൽ ആദ്യം നല്ല മധുരം അനുഭവപ്പെടും. എന്നാൽ, പതിയെ മുളകിനേക്കാൾ എരിവ് തോന്നി തുടങ്ങും. പഴം കഴിച്ചവരുടെ തൊണ്ട വീർക്കുകയും അവർക്ക് ഭക്ഷണം കഴിക്കാനും ശ്വസനത്തിനും ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു. ഇതോടെ, ആന്തരിക അവയവങ്ങളിൽ നിന്ന് രക്തസ്രാവം ആരംഭിക്കുന്നു. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ നഷ്ടപ്പെടും.
പഴത്തിൽ മാത്രമല്ല, മരത്തിന്റെ എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിന്റെ കറ ചർമ്മത്തിൽ പറ്റിയാൽ ദേഹത്ത് ശക്തമായ തരത്തിൽ അലർജി ഉണ്ടാകും. പ്രത്യേകിച്ച് മഴകാലത്താണ് മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നതെങ്കിൽ ഇതിലെ കറ ദേഹത്ത് പതിക്കുകയും ചർമ്മത്തിൽ വലിയ കുമളകൾ രൂപപ്പെടുകയും ചെയ്യുന്നു. മഞ്ചിനീൽ മരത്തിന്റെ ഒരു തുള്ളി കറ പോലും വിഷാംശമാണ്. മാത്രമല്ല, മഞ്ചിനീൽ മരം കത്തുമ്പോൾ ഉണ്ടാകുന്ന പുക കണ്ണിനെ ദോഷകരമായി ബാധിക്കും. ഇവ ബുള്ളസ് ഡെർമറ്റൈറ്റിസ്, അക്യൂട്ട് കെരാറ്റോകോൺജങ്ക്റ്റിവിറ്റിസ്, കോർണിയൽ എപ്പിത്തീലിയൽ വൈകല്യങ്ങൾ എന്നിവയ്‌ക്കും കാരണമായേക്കും.
കരീബിയൻ, യുഎസ് സംസ്ഥാനമായ ഫ്ലോറിഡ, ബഹാമാസ്, മെക്സിക്കോ, മദ്ധ്യ അമേരിക്ക, വടക്കൻ തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് മഞ്ചിനീൽ ധാരളമായി കാണുന്നത്. 49 അടി വരെ ഉയരത്തിൽ ഈ മരം വളരുന്നു. ഇതിന് ചുവപ്പ് കലർന്ന ചാരനിറത്തിലുള്ള പുറംതൊലി, ചെറിയ പച്ചകലർന്ന മഞ്ഞ പൂക്കൾ, തിളങ്ങുന്ന പച്ച ഇലകൾ എന്നിവയാണുള്ളത്. ഇലകൾ വളരെ മൃദുവായിരിക്കും. ആപ്പിളിന് സമാനമായി കാണപ്പെടുന്ന പഴങ്ങൾ മൂക്കുമ്പോൾ പച്ചയോ പച്ചകലർന്ന മഞ്ഞയോ ആയിരിക്കും.















