കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷു ഉത്സവത്തിന് കൊടിയേറ്റം. ഈ മാസം 16-ന് കൊല്ലം പൂരത്തോടെയാണ് ഉത്സവം സമാപിക്കുക. ആശ്രാമം മൈതാനത്ത് നടക്കുന്ന പൂരവും കുടമാറ്റവും മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. 30 ഗജവീരന്മാരാണ് കുടമാറ്റത്തിൽ പങ്കെടുക്കുന്നത്. നാളെ പകൽ 12-നും 12.20-നും മദ്ധ്യേ തന്ത്രിമുഖ്യൻ രമേശ് ഭാനു പണ്ടാരത്തിൽ കൊടിയേറ്റും. തുടർന്ന് കൊടിയേറ്റ് സദ്യയും വൈകിട്ട് അഞ്ചിന് ഓട്ടൻതുള്ളലും നടക്കും. രാത്രി ഒമ്പതിനാണ് കഥകളി ആരംഭിക്കുക.
എട്ടാം തിയതി രാവിലെ 10.30-ന് കളഭാഭിഷേകവും വൈകിട്ട് 6.30-ന് നൃത്തവും രാത്രി 8.30-ന് കഥകളിയും നടക്കും. ഒമ്പതാം തിയതി രാവിലെ 10-നാണ് നവഗ്രഹപൂജ നടക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെ സംഗീത കച്ചേരിയും 7.30-ന് നൃത്താർച്ചനയും 12-ന് കഥകളിയും നടക്കും. പത്താം തിയതി വൈകിട്ട് 5.30-ന് പ്രഭാഷണവും 6.30-ന് ഗാനാഞ്ജലിയും തുടർന്ന് വിവിധ കലാപരിപാടികളു നടക്കും.
പന്ത്രണ്ടാം തിയതി വൈകിട്ട് അഞ്ച് മണിയോടെ കഥകളി, ഓട്ടൻതുള്ളൽ എന്നീ പരിപാടികൾ നടക്കും. പതിമൂന്നാം തിയതി രാവിലെ 11-നാണ് ഉത്സവബലി നടക്കുക. തുടർന്ന് വൈകിട്ട് അഞ്ച് മണിയോട് കൂടി സീതകളി, കോൽകളി, തിരുവാതിര എന്നീ പരിപാടികളും നടക്കും. 14-ാം തിയതി വൈകിട്ട് അഞ്ച് മണിയോടെയാണ് തിരുവാഭരണ ഘോഷയാത്ര ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്നത്. 15-ാം തിയതി പുലർച്ചെ നാല് മണിയ്ക്ക് വിഷുക്കണി ഒരുക്കും. വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷം തിരുമുന്നിൽ വേലയും ഗാനമേളയും നടക്കും. ഇതിന് ശേഷം പന്ത്രണ്ട് മണിയോടെയാണ് പള്ളിവേട്ട നടക്കുന്നത്.
സമാപന ദിനമായ 16-ന് രാവിലെ ഒമ്പത് മണിയോടെയാണ് എഴുന്നള്ളത്ത് ആരംഭിക്കുന്നത്. വൈകിട്ട് 3.30-നാണ് തിരുമുമ്പിൽ കുടമാറ്റം നടക്കുക. രാത്രി എട്ട് മണിയോടെ ആകാശപ്പൂരം നടത്താനുള്ള ശ്രമത്തിലാണെന്ന് ഉപദേശക സമിതി പ്രസിഡന്റ് പി. ശ്രീവർദ്ധൻ, ജനറൽ കൺവീനർ ജി.സുരേഷ് ബാബു, എ.എൻ സുരേഷ് ബാബു, ആർ രാജീവ് എന്നിവർ പറഞ്ഞു.
Comments