ന്യൂഡൽഹി: കോൺഗ്രസിന് തിരിച്ചടി. മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിന് നിന്ന് രാജിവെച്ച് ഏതാനും ആഴ്ചകൾക്ക് പിന്നാലെയാണ് ബിജെപിയുടെ ഭാഗമാകുന്നത്.
കോൺഗ്രസിന്റെ അംഗത്വത്തിൽ നിന്ന് രജിവെച്ച് മാർച്ച് 11-ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഏറെ കാലമായി വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം.ആന്ധാപ്രദേശിനെ വിഭജിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തോട് കടുത്ത പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്. തുടർന്ന് ‘ജയ് സമൈക്യന്ദ്ര’ എന്ന സംഘടന രൂപീകരിക്കുകയും 2014-ലെ ഇലക്ഷനിൽ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ സമ്പൂർണ്ണ പരാജയത്തെ തുടർന്ന് രാഷ്‌ട്രീയത്തിൽ നിന്ന് വർഷങ്ങൾ വിട്ടുനിന്നതിന് പിന്നാലെ 2018-ൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു.
കോൺഗ്രസിൽ തിരിച്ചെത്തിയതിന് ശേഷവും അദ്ദേഹം പാർട്ടിയിൽ നിഷ്‌ക്രിയനായിരുന്നു. 2019-ലെ പൊതു തിരഞ്ഞെടുപ്പ് സമയത്തും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നില്ല. കിരൺ കുമാർ റെഡ്ഡിയുടെ പിതാവ് എൻ. അമർനാഥ് റെഡ്ഡി അന്നമയ്യ ജില്ലയിലെ വയൽപാഡു നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയിരുന്നു. കിരൺകുമാർ റെഡ്ഡിയും മൂന്ന് തവണ ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.















