ലക്നൗ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അയോദ്ധ്യ സന്ദർശനം ആരംഭിച്ചു. ശിവസേന നേതാക്കളും എംപിമാരും എംഎൽഎമാരും സഖ്യകക്ഷിയായ ബിജെപിയുടെ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. ഇന്ന് ഉച്ചയോടെ അയോദ്ധ്യയിലെത്തിയ ഷിൻഡെ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിലെത്തുകയും പ്രണാമം അർപ്പിക്കുകയും ചെയ്തു. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഷിൻഡെ വിലയിരുത്തി.
ശിവസേനാ സ്ഥാപകൻ ബാൽസാഹേബ് താക്കറെയുടെയും കോടിക്കണക്കിന് രാമഭക്തരുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ഷിൻഡെ അറിയിച്ചു. അയോദ്ധ്യ ഞങ്ങൾക്ക് വിശ്വാസത്തിന്റെ കാര്യമാണെന്നും രാമക്ഷേത്ര നിർമ്മാണം വേഗത്തിലാക്കിയതിന് പ്രധാനമന്ത്രി മോദിയോട് ഞാൻ നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സന്ദർശിച്ച അദ്ദേഹം ഞായറാഴ്ച ഉച്ചയ്‌ക്ക് അയോദ്ധ്യയിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
‘അയോദ്ധ്യയിൽ ഒരു മഹത്തായ ദിവ്യ രാമക്ഷേത്രം നിർമ്മിക്കുക എന്നത് കോടിക്കണക്കിന് രാമഭക്തരുടെ സ്വപ്നമായിരുന്നു അത് പ്രധാനമന്ത്രി സാക്ഷാത്കരിച്ചു. മുഖ്യമന്ത്രിയായതിന് ശേഷം ഞാൻ ആദ്യമായി ഇവിടെയെത്തി. ഞങ്ങൾക്ക് ശ്രീരാമന്റെ അനുഗ്രഹമുണ്ട്. ഭഗവാന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ അമ്പിന്റെയും വില്ലിന്റെയും ചിഹ്നവും പാർട്ടിയുടെ പേരും ലഭിച്ചു. രാമക്ഷേത്രം ഞങ്ങൾക്ക് രാഷ്‌ട്രീയ വിഷയമല്ല, ഞങ്ങളുടെ വിശ്വാസമാണ്.’ -മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാനത്തിന്റെ 20-ാം മുഖ്യമന്ത്രിയായ ശേഷം ഷിൻഡെ ആദ്യമായാണ് അയോദ്ധ്യയിൽ സന്ദർശനം നടത്തുന്നത്. കഴിഞ്ഞ ദിവസം ലക്നൗ വിമാനത്താവളത്തിൽ എത്തിയ ഷിൻഡെയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് സ്വീകരിച്ചിരുന്നു. ഇവിടുത്തെ അന്തരീക്ഷം കണ്ടതിൽ സന്തോഷവും സംതൃപ്തിയും ഉണ്ടെന്ന് ഷിൻഡെ കൂട്ടിചേർത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും മറ്റു മന്ത്രിമാരോടും അദ്ദേഹം നന്ദിയും പറഞ്ഞു
സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം രാമജന്മഭൂമിയിലെ സരയൂ നദീതീരത്ത് നടക്കുന്ന മഹാആരതിയിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് യോഗി ആദിത്യനാഥുമായി ഷിൻഡെ കൂടിക്കാഴ്ച നടത്തും. പിന്നീട് ഞായറാഴ്ച രാത്രി മുംബൈയിലേക്ക് മടങ്ങും.
കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ ഷിൻഡയെ സ്വീകരിക്കാനായി രണ്ട് ട്രെയിനുകളിലായാണ് നിരവധി ശിവസൈനികർ എത്തിയിരുന്നത്. 2018 നവംബർ 24 മുതൽ 2020 മാർച്ച് 7 വരെ മുഖ്യമന്ത്രിയായിരുന്നു ഉദ്ധവ് താക്കറെ രണ്ട് പ്രാവശ്യം അയോദ്ധ്യയിൽ സന്ദർശനം നടത്തിയിരുന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് ആഘാഡി( എംവിഎ) സർക്കാരിനെ അട്ടിമറിച്ചതിന് ശേഷം 2022 ജൂലൈ 7-നാണ് ഷിൻഡെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.















