ശ്രീനഗർ: ഭാരതത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കൊരു സുവർണ്ണാവസരമൊരുക്കി ഇന്ത്യൻ റെയിൽവേ.
അയോദ്ധ്യയിൽ നിന്ന് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് ഒരു പാക്കേജുമായി എത്തിയിരിക്കയാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ. ഉത്തർ ദർശൻ എന്നാണ് ഈ പാക്കേജിന്റെ പേര്. അയോദ്ധ്യ, വൈഷ്ണോ ദേവി, പ്രയാഗ്രാജ്, വാരാണസി എന്നിവിടങ്ങളിലൂടെയായിരിക്കും യാത്ര. പതിനൊന്ന് പകലും പത്ത് രാത്രിയും നീണ്ടുനിൽക്കുന്നതായിരിക്കും ഈ തീർത്ഥയാത്ര.
ഇതിനായി അസമിലെ ദിബ്രുഗഢിൽ നിന്നായിരിക്കും ഈ ഭാരത് ഗൗരവ് ട്രെയിൻ പുറപ്പെടുക. ഒരാൾക്ക് ഏകദേശം 20,850 രൂപ ചിലവാകും, എന്നാൽ സ്റ്റാൻഡേർഡ് വിഭാഗത്തിന് ഏകദേശം 31,135 രൂപയാകും. മെയ് 27 മുതൽ ജൂൺ ആറ് വരെയായിരിക്കും യാത്ര. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേ 2021-ൽ ആരംഭിച്ച പദ്ധതിയാണ് ഭാരത് ഗൗരവ്.
ജമ്മുവിലുള്ള പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് വൈഷ്‌ണോ ദേവി ക്ഷേത്രം. ജമ്മുകാശ്മീരിലെ കത്ര പട്ടണത്തിന് സമീപമുള്ള ത്രികൂട പർവതത്തിലെ ഒരു ഗുഹയിലാണ് പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നി മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ആദിപരാശക്തിയുടെ സങ്കല്പത്തിലാണ് ആരാധന. ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ അവതാരമാണ് വൈഷ്ണവി, ത്രികുട, ശ്രീമാതാ റാണി, മഹാദേവി എന്നീ നാമങ്ങളിലും അറിയപ്പെടുന്ന വൈഷ്‌ണോ ദേവി. പ്രതിവർഷം 1 കോടി തീർത്ഥാടകർ ഈ ഗുഹാക്ഷേത്രം സന്ദർശിക്കുന്നു. നവരാത്രി, ദീപാവലി എന്നിവ പ്രധാന ദിവസങ്ങൾ.
Comments