ഡൽഹി:കശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്ക് പുതിയ ഹൈവേ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അടുത്ത വർഷത്തോടെ ജനങ്ങൾക്ക് പുതിയ റോഡ് ഉപയോഗിക്കാൻ കഴിയുമെന്ന് നിതിൻ ഗഡ്കരി അറിയിച്ചു. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സർവേയ്‌ക്കിടെയാണ് പുതിയ റോഡിനെ കുറിച്ച് മന്ത്രി സൂചിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി പുതിയ ഹൈവേകളുടെയും എക്സ്പ്രസ് വേകളുടെയും നിർമ്മാണ പ്രവർത്തനങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റി ഏർപ്പെട്ടിരിക്കുകയാണ്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള പാത എന്നത് പൗരന്മാരുടെ വലിയൊരു സ്വപ്‌നം തന്നെയായിരുന്നു. റോഹ്താംഗ് മുതൽ ലഡാക്ക് വരെ നാല് തുരങ്കങ്ങൾ നിർമ്മിക്കും. പുതിയ പാത വന്നാൽ ഡൽഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റർ കുറയുന്നതായിരിക്കും.
2024 ആരംഭിക്കുമ്പോൾ നിർമ്മാണം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ പുതിയ പാതയുടെ റൂട്ട് സംബന്ധിച്ച് വിവിരങ്ങൾ പുറത്തുവന്നിട്ടില്ല. ഡൽഹി മുതൽ ചെന്നൈ വരെയുള്ളയുള്ള പാതയുടെ ചില ഭാഗം വരാനിരിക്കുന്ന 1,350 കിലോമീറ്റർ നീളമുള്ള സൂറത്ത്-ചെന്നൈ എക്സ്പ്രസ് വേയിലൂടെ ബന്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഇതുവരെ റൂട്ടിന്റെ വിശദാംശങ്ങളൊന്നും എൻഎച്ച്എഐയും പുറത്തുവിട്ടിട്ടില്ല.
Comments