കോഴിക്കോട്: പ്രവാസികൾക്ക് വിഷുക്കണിയൊരുക്കാൻ കൊന്നപ്പൂവും കണിവെള്ളരിയും കടൽ കടന്നു. മലപ്പുറത്തെ കർഷകരാണ് ഇത്തവണ പ്രവാസികളുടെ വിഷു വിപണി നിറച്ചിരിക്കുന്നത്. പഴം, പച്ചക്കറി അടക്കം എല്ലാ വിഷു വിഭവങ്ങളിലും കൂടുതൽ കയറ്റുമതി നടന്നിരിക്കുന്നത് മലപ്പുറത്തു നിന്നാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കരിപ്പൂർ വിമാനത്താവളം വഴി കയറ്റുമതി ചെയ്തത് രണ്ടര ടൺ കണിവെള്ളരിയാണ്. മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിളവെടുത്തതാണ് ഇതിൽ ഏറിയ പങ്കും. കണിക്കൊന്നയും രണ്ടു ടണ്ണോളം തന്നെ കയറ്റുമതി ചെയ്തതായാണ് റിപ്പോർട്ട്. കൊന്നപ്പൂവ് കൂടുതലും വിമാനത്താവള പരിസര പ്രദേശങ്ങളിൽനിന്നാണു ശേഖരിച്ചത്.
ഇതിനു പുറമേ, മാങ്ങ, ഇടിച്ചക്ക, ഞാലിപ്പൂവൻ തുടങ്ങിയവയും കയറ്റുമതി ചെയ്തിട്ടുണ്ട്. വിഷു വിപണി ലക്ഷ്യമിട്ടു കൃഷി ചെയ്ത പ്രാദേശിക കർഷകരാണ് വിദേശ കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തിയത്. കരിപ്പൂരിന് പുറമേ നെടുമ്പാശ്ശേരിയിൽ നിന്നും വൻതോതിൽ വിഷു വിഭവങ്ങൽ കയറ്റുമതി ചെയ്യുന്നുണ്ട്.















