ഇസ്ലാമാബാദ്: സുരക്ഷാസേനയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് പാകിസ്താനിലെ ഖൈബർപഖ്തൂൺഖ്വ പ്രവിശ്യയിലെ തിരാഹ് താഴ്‌വരയിലെ വ്യവസായികളും രാഷ്‌ട്രീയനേതാക്കളും. സായുധ ഗ്രൂപ്പുകൾ ജനങ്ങളുടെ സമാധാന ജീവിതം തകർക്കുന്നതായും സുരക്ഷാസേന വിഷയത്തിൽ ഇടപെടുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. വിവിധ മത സാമൂദായിക സംഘടനകളുടെ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
താഴ്‌വരയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ട്രേഡർ അസോസിയേഷൻ പ്രസിഡന്റ് ഷേർ മുഹമ്മദ് അഫ്രീദി പറഞ്ഞു. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും അഫ്രീദി പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് സായുധ ഗ്രൂപ്പുകളുടെ സാന്നിദ്ധ്യത്തെ തുടർന്ന് അധികൃതർ പ്രദേശത്ത് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.
അഫ്ഗാനിസ്ഥാനോട് ചേർന്നുകിടക്കുന്ന പ്രവിശ്യയാണ് ഖൈബർപഖ്തൂൺഖ്വ. നുഴഞ്ഞുകയറ്റവും സായുധ ഗ്രൂപ്പുകളുടെ സാന്നിദ്ധ്യവും മേഖലയിലെ പ്രധാന വെല്ലുവിളികളാണ്. പാകിസ്താനിൽ താലീബാന് ഏറ്റവും കൂടുതൽ സ്വാധീനമുള്ളതും ഖൈബർപഖ്തൂൺഖ്വയിലാണ്.
Comments