തിരുവനന്തപുരം: വിഷുവിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ് നാടും നാട്ടാരും. കൂടാതെ മലയാളികളുടെയും പ്രവാസി മലയാളികളുടെയും വിഷു ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിക്കഴിഞ്ഞു. വിഷുനാളിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിപണിയിൽ സജീവമാവുകയാണ് പ്ലാസ്റ്റിക്ക് കണിക്കൊന്ന പൂക്കൾ. ഒറ്റ നോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്നവയാണ് ഈ പ്ലാസ്റ്റിക്ക് കൊന്ന പൂവുകൾ.
സംസ്ഥാനത്തെ മിക്കവാറും എല്ലാ മാർക്കറ്റുകളിലും പ്ലാസ്റ്റിക്ക് കണിക്കൊന്നകൾ സുലഭമാണ്. അത്രതന്നെ ആവശ്യക്കാരും പ്ലാസ്റ്റിക്ക് പൂവുകൾക്കുണ്ട്. തുടക്കത്തിൽ ആവശ്യക്കാർ കുറവായിരുന്നെങ്കിലും ഇപ്പോൾ ആവശ്യക്കാർ നിരവധിയാണെന്ന് കച്ചവടക്കാർ പറയുന്നു. നാല് വർഷം മുൻപാണ് പ്ലാസ്റ്റിക്ക് കൊന്നപ്പൂവുകൾ മാർക്കറ്റിൽ സുലഭമായി എത്തിയതെന്നും കച്ചവടക്കാർ പറയുന്നു.
ഒരുപിടി കൊന്നപ്പൂവിൽ മൂന്ന് തട്ടുകളിലായി പൂക്കളും 6-7 ഇലകളുമുണ്ട്. ഒരുപിടിയ്ക്ക് 60 മുതൽ 70 രൂപയാണ് ഈടാക്കുന്നത്. പല വലിപ്പത്തിലുള്ള പ്ലാസ്റ്റിക്ക് കൊന്നകൾ മാർക്കറ്റിൽ ലഭ്യമാണ്. ആറ് തട്ടുകളുള്ള വലിയ കൊന്നയ്ക്ക് 120 മുതൽ 150 രൂപ വില വരും. വിഷുവിന് ദിവസങ്ങൾക്ക് മുമ്പുതന്നെ ദിവസേന 20ലേറെ കച്ചവടങ്ങൾ നടക്കുന്നുണ്ടെന്നും വിഷുത്തലേന്ന് കൂടുതൽ കച്ചവടം നടക്കുമെന്നും കച്ചവടക്കാർ പറയുന്നു.
Comments