രാജീവ് വൈദ്യയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഭക്തി സാന്ദ്രമായ ചിത്രമാണ് സന്നിധാനം പിഒ. കഴിഞ്ഞ ആഴ്ചയിൽ സിനിമയുടെ ചിത്രീകരണം പമ്പയിൽ പുനരാരംഭിച്ചിരുന്നു. ഇപ്പോഴിതാ, സെറ്റിൽ യോഗി ബാബു ജോയിൻ ചെയ്തിരിക്കുകയാണ്. ശബരിമല ദർശനം നടത്തിയതിന് ശേഷമാണ് താരം ചിത്രീകരണത്തിനായെത്തിയത്.
വിഷു ദിനത്തിലാണ് യോഗി ബാബു മല ചവിട്ടിയത്. ആദ്യമായാണ് താൻ ശബരിമലയിലെത്തി അയ്യനെ കാണുന്നതെന്നും താരം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും പോകാറുണ്ട്. എന്നാൽ ഇതുവരെ ശബരിമലയിലെത്തി ദർശനം നടത്തിയിട്ടില്ല. അയ്യപ്പൻ എന്നെ വിളിച്ചു, ഞാൻ വന്ന് ദർശനം നടത്തി. വളരെയധികം സന്തോഷമുണ്ട്. ശബരിമല ആസ്പദമാക്കി ഒരു സിനിമ ചെയ്യുന്നതിന്റെ സന്തോഷത്തിൽ കൂടിയാണ് താനെന്നും യോഗി ബാബു മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഗോകുൽ സുരേഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേനക സുരേഷ്, വർഷ വിശ്വനാഥ്, തമിഴ് താരമായ വേല രാമമൂർത്തി എന്നിവരാണ് സന്നിധാനം പിഒയിലെ മറ്റ് അഭിനേതാക്കൾ. ശബരിമല, തൊടുപുഴ, അതിരിപ്പിള്ളി എന്നിവിടങ്ങളിലാകും ചിത്രീകരണം. സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. മധുസൂദർ റാവൂ, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. ചിത്രം തമിഴ്, മലയാളം, കന്നട, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായാണ് അണിയറയിൽ ഒരുങ്ങുന്നത്. ജനുവരി 14 മകരസംക്രമ ദിനത്തിൽ സന്നിധാനത്ത് വെച്ച് ചിത്രത്തിന്റെ പ്രാരംഭ പൂജകൾ നടന്നിരുന്നു. ചിത്രത്തിന്റെ രചന രാജേഷ് മോഹൻ, ഛായാഗ്രഹണം എ വിനോദ് ഭാരതി, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം ലാൽ കൃഷ്ണ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്.
Comments