മലയാളത്തിന്റെ പ്രിയ ഹാസ്യ സമ്രാട്ട് ഇന്നസെന്റിന്റെ അവസാന കഥാപാത്രം ‘ വാസുമാമൻ’ തിയറ്ററുകളിലേക്ക്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇന്നച്ചന്റേതായി അവസാനമെത്തുന്ന ചിത്രം. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വേഷമാണ് ഇന്നസെന്റ് അവതരിപ്പിച്ചിരിക്കുന്നത്.
ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ടീസറും ട്രെയിലറും ഗാനവുമൊക്കെ ഇതിനോടകം യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിലാണുള്ളത്. മധ്യവർഗ മലയാള സമൂഹത്തിന്റെ നേർക്കാഴ്ചകൾ വെള്ളം ചേർക്കാതെ സ്‌ക്രീനിലെത്തിച്ച സത്യൻ അന്തിക്കാടിന്റെ മകൻ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ഫഹദും ഇന്നസെൻറും കൂടാതെ മുകേഷും നന്ദുവും ഇന്ദ്രൻസും അൽത്താഫും ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി മറ്റ് നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ഫഹദിനെ ഏറെ നാളുകൾക്ക് ശേഷം കുസൃതിയൊളിപ്പിച്ചൊരു വേഷത്തിൽ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് പാച്ചുവും അത്ഭുത വിളക്കുമെന്നാണ് പുറത്തിറങ്ങിയ ട്രെയിലറും ഗാനവുമൊക്കെ തരുന്ന സൂചന.















