‘ദ കേരള സ്റ്റോറി’ സിനിമ കണ്ടതിന് ശേഷം പ്രതികരണവുമായി നിർമ്മാതാവും ഫിലിം ചേംബർ പ്രസിഡന്റുമായ ജി. സുരേഷ് കുമാർ. ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമയല്ല കേരള സ്‌റ്റോറിയെന്നും കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി വിശദീകരിക്കുന്ന ചിത്രമാണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെയെന്നും സുരേഷ് കുമാർ പറഞ്ഞു.
മുഖ്യമന്ത്രിയും മറ്റ് പ്രമുഖ നേതാക്കളും ചിത്രത്തിനെ എതിർത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സിനിമയിൽ മോശമായി ആരെയും ചിത്രീകരിച്ചിട്ടില്ല. സിറിയയിൽ എത്തിപ്പെട്ട മൂന്ന് പെൺകുട്ടികളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. എന്താണ് ഈ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവരും മനസിലാക്കണം-സുരേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ പത്ത് കൊല്ലമായി നിർബന്ധിത മതപരിവർത്തനം ചെയ്യപ്പെട്ടത് 32,000 പേരെന്നാണ് സിനിമയുടെ അവസാനം എഴുതി കാണിക്കുന്നത്, അല്ലാതെ 32,000 പേർ സിറിയയിൽ പോയി എന്നല്ല ചിത്രത്തിൽ പറയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ചിത്രം തിയേറ്ററുകളിൽ തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് ചിത്രങ്ങളുടെ റിലീസുള്ളതിനാലാണ് ചിത്രം പ്രദർശിപ്പിക്കാൻ കഴിയാതെ പോയതെന്നും ഉടനെ ഇത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ മൾട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനങ്ങൾ റദ്ദാക്കിയത്. കൊച്ചിയിലെ ലുലു മാൾ, ഒബറോൺ മാൾ, തിരുവനന്തപുരം ലുലു മാൾ എന്നിവിടങ്ങളിലുള്ള പിവിആർ സ്‌ക്രീനുകളിലെ പ്രദർശനങ്ങളാണ് റദ്ദാക്കപ്പെട്ടത്. കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്.















