തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതായി കലാവസ്ഥാ നിരീക്ഷണകേന്ദ്രം. ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റ് ആകാനാണ് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും ഇതെന്നും കലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ട്. ഈ ചുഴലിക്കാറ്റിന് മോക്ക എന്നാണ് പേരിട്ടിരിക്കുന്നത്.
ന്യൂനമർദ്ദത്തിന്റെ സ്വാധീനം കാരണം കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. തുടർന്ന് എട്ടിന് വയനാടും ഒമ്പതിന് എറണാകുളത്തും ഇടുക്കിയിലും മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്‌ച്ച തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപം കൊള്ളാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താൽ ഞായറോടെ ന്യുനമർദ്ദം രൂപപ്പെടാനിടയാകും. തുടർന്ന് തിങ്കളോടെ ശക്തിപ്രാപിക്കും. ഇത് വീണ്ടും ശക്തിയാർജിച്ച് ചുഴലിക്കാറ്റായി വടക്കോട്ട് സഞ്ചരിച്ച് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തേക്ക് നീങ്ങുമെന്നാണ് കലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ചുഴലിക്കാറ്റിന് മോക്കയെന്ന പേര് നിർദ്ദേശിച്ചത് യെമനാണ്. അവിടെയുള്ള തുറമുഖ നഗരത്തിന്റെ പേരാണ് മോക്ക. കാപ്പിക്കച്ചവടത്തിന് പേരുകേട്ട ഇവിടെ നിന്നു തന്നെയാണ് മോക്ക കോഫിയ്‌ക്ക് പേര് ലഭിച്ചതും.
Comments