കോട്ടയം: യുവതിയോട് മോശമായി പെരുമാറിയ ടിടിഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സതീഷ് ആണ് അറസ്റ്റിലായത്. 35-കാരനായ സതീഷ് നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഇയാൾ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.
ഒറ്റയ്ക്കായിരുന്നു യുവതി ട്രെയിനിൽ യാത്ര ചെയ്തിരുന്നത്. ഈ സാഹചര്യത്തെ പ്രതി മുതലെടുത്തുവെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയാണ് പരാതിക്കാരി. സംഭവത്തിന് പിന്നാലെ കോട്ടയം റെയിൽവേ പോലീസാണ് ടിടിഇയെ അറസ്റ്റ് ചെയ്തത്. ആലുവയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
യുവതിയെ യാത്ര അയക്കുന്നതിനായി പെൺകുട്ടിയുടെ പിതാവ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ട്രെയിനിൽ കയറുന്നതിനിടെ ടിടിഇയെ കണ്ടപ്പോൾ മകൾ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്നും ശ്രദ്ധിക്കണമെന്നും ടിടിഇയോട് പിതാവ് പറഞ്ഞു. ഈ സാഹചര്യത്തെയാണ് പ്രതി മുതലെടുത്തത്. ആദ്യം കോച്ച് മാറാൻ നിർബന്ധിച്ച ടിടിഇ പിന്നീട് യുവതിയുടെ കൈയ്യിൽ കയറി പിടിക്കുകയായിരുന്നു. ശല്യം സഹിക്കാൻ വയ്യാതായപ്പോൾ യുവതി കൺട്രോൾ റൂമിനെ വിളിച്ച് അറിയിച്ചു. തുടർന്നാണ് കോട്ടയം റെയിൽവേ പോലീസ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
Comments