കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളിൽ സ്ത്രീകൾക്ക് അടുക്കള ഭാഗത്ത് ഭക്ഷണം നൽകുന്നു എന്ന പരാമർശത്തിൽ താൻ നടത്തിയ പരാമർശം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്ന് നിഖില വിമൽ. അത് പറഞ്ഞ സാഹചര്യം പോലും മനസ്സിലാക്കാതെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. നാടിന്റെ പ്രത്യേകതയെ കുറിച്ച് പറഞ്ഞതിലെ ഒരു ചെറിയ പരാമർശം മാത്രമാണ് തിരഞ്ഞെടുത്ത് വ്യാഖ്യാനിച്ചതെന്നും നടി പറഞ്ഞു. ഈ വിഷയത്തിൽ ഇനിയൊരു വിശദീകരണത്തിനില്ലെന്നും നിഖില വിമൽ പറഞ്ഞു.
ഒരു സംഭാഷണത്തിൽ പറയുന്ന കാര്യം ഒരിക്കലും പ്രസ്താവനയല്ല. ഒരു വ്യക്തിപോലും തന്നോട് ചോദിച്ചിട്ടില്ല. ഞാൻ പറഞ്ഞത് എന്താണെന്ന് എനിക്ക് കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ട് അത് സംബന്ധിച്ച് ഇനിയൊന്നും പറയാൻ ഞാനില്ല. കണ്ണൂർ പ്രസ് ക്ലബ്ബിൽ ജേണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു നിഖില.
അയൽവാശി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിഖില കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളെക്കുറിച്ച് പരാമർശം നടത്തിയത്. മുസ്ലിം വീടുകളിൽ നടക്കുന്ന കല്യാണത്തിന് സ്ത്രീകൾ അടുക്കള ഭാഗത്താണ് ഭക്ഷണം കഴിക്കാനിരിക്കുന്നതെന്നും ഇപ്പോഴും ഈ സമ്പ്രദായത്തിന് മാറ്റമൊന്നും വന്നിട്ടില്ലെന്നുമാണ് നിഖില പറഞ്ഞത്.
Comments