ബോഡി ഗാര്‍ഡിനൊപ്പം മുംബൈയിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്ന ബോളിവുഡ് താരം അനുഷ്ക ശര്‍മയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വാർത്തകളിലും ഇത് ഇടം പിടിച്ചു. അനുഷ്കയുടെ ആരാധകർ വീഡിയോ ആഘോഷമാക്കിയപ്പോൾ മറ്റൊരു പക്ഷം വിമർശനവുമായും രംഗത്തു വന്നു. ഹെൽമറ്റ് ധരിക്കാതെയാണ് ഇരുവരും യാത്ര ചെയ്യുന്നത് എന്ന് പലരും ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ, ഹെൽമെറ്റ് വെയ്‌ക്കാതെ ബൈക്കോടിച്ചതിന് അനുഷ്കയുടെ ബോഡി ഗാര്‍ഡിന് പിഴയിട്ടതായാണ് റിപ്പോർട്ട്.
ഗതാഗത തടസം ഉണ്ടായതോടെയാണ് ബൈക്കില്‍ യാത്ര ചെയ്യാന്‍ അനുഷ്ക തീരുമാനിച്ചത്. ബോഡിഗാര്‍ഡിന് മുംബൈ ട്രാഫിക് പൊലീസ് 10,500 രൂപയാണ് പിഴയിട്ടത്. ഹെൽമറ്റ് ധരിക്കാത്തതിനൊപ്പം ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും ചേർത്താണ് താരത്തിന്റെ അംഗരക്ഷകനായ സോനു ഷെയ്‌ക്കിന് മുംബൈ പോലീസ് പിഴ നൽകിയത്.
ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 500 രൂപയും ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 10,000 രൂപയുമാണ് പിഴ. അനുഷ്ക ശര്‍മയെ കൂടാതെ നേരത്തെ അമിതാഭ് ബച്ചനും ഹെൽമെറ്റ് ധരിക്കാതെ ബൈക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് ബച്ചൻ വ്യക്തമാക്കി. ഷൂട്ടിംഗിന്റെ ഭാഗമായിരുന്നു യാത്രയെന്നും നേരത്തെ അനുവാദം വാങ്ങിയിരുന്നതായുമാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.
Comments