കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയിൽ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സിനിമാ നിര്‍മ്മാതാവ് പികെആർ പിള്ള അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. പിള്ളയുടെ വിയോഗം മലയാള സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്‌ത്തുകയാണ്. ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പികെആര്‍ പിള്ള വിടവാങ്ങുമ്പോള്‍ ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറും ഓര്‍മ്മയായി മാറുകയാണ്.
എന്നാൽ വ്യവസായിയായ പികെആര്‍ പിള്ള സമ്മാനിച്ച ചിത്രങ്ങളെല്ലാം ഇന്നും മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ടതുതന്നെയാണ്. നിർമ്മിച്ചതിൽ അധികവും മോഹൻലാലിന്റെ ചിത്രങ്ങൾ. വന്ദനം, ചിത്രം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളെല്ലാം എക്കാലവും ഓര്‍ക്കുന്ന ചിത്രങ്ങളാണ്. തുടർന്ന് ഒത്തിരി ചിത്രങ്ങള്‍ ചെയ്തുവെങ്കിലും പിന്നീട് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. മറവിരോഗത്തിന് ചികിത്സയിലായിരുന്ന പികെആര്‍ പിള്ളയ്‌ക്ക് തന്റെ അവസാന കാലത്ത് ഭീമമായ ചികിത്സാച്ചെലവാണ് വഹിക്കേണ്ടി വന്നത്.
എന്നാൽ ഈ സാഹചര്യത്തില്‍ തന്റെ സ്വന്തം സൂപ്പര്‍താരം മോഹന്‍ലാലായിരുന്നു അദ്ദേഹത്തിന് ഏറെ കൈത്താങ്ങായത്. പക്ഷേ ഇക്കാര്യം പലരും അറിഞ്ഞില്ല. എല്ലാമാസവും മുടങ്ങാതെ ചികിത്സയ്‌ക്കായുള്ള തുക അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തിക്കുമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി എണ്‍പതുകളില്‍ പികെആര്‍ പിള്ള ഒരുക്കിയ ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകളായിരുന്നു. ചിത്രം എന്ന സിനിമ മോഹന്‍ലാലിന്റെയും പികെആര്‍ പിള്ളയുടെയും തലവര തന്നെ മാറ്റിയ ചിത്രമായിരുന്നു.
പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ എത്തിയിരുന്നു. അദ്ദേഹവുമായുള്ള ഓർമ്മകളെക്കുറിച്ചും നടനെന്ന നിലയിൽ തനിക്ക് പികെആർ പിള്ള നൽകിയ പ്രോത്സാഹനത്തെക്കുറിച്ചുമാണ് മോഹൻലാൽ പങ്കുവച്ചത്. ഷൂട്ടിങ് പുരോഗമിക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന് വേണ്ടി ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് പികെആർ പിള്ളയുടെ വേർപാടിനെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
”എന്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്‌നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്‌നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എന്റെ വളർച്ചയ്‌ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്‌നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. ” ഇതായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.















