ന്യൂഡൽഹി: രാജ്യത്ത് പ്രതിരോധ ഉത്പാദനത്തിന്റെ മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നതായി കേന്ദ്രം. 2022-23 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. നിലവിൽ 1,06,800 രൂപയാണ് മൂല്യമെന്നും സ്വകാര്യ പ്രതിരോധ വ്യവസായങ്ങളിൽ നിന്നുള്ള വിവരങ്ങൾ കൂടി ലഭിച്ചാൽ അത് ഇനിയും ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധ ഉത്പാദനത്തിന്റെ നിലവിലെ മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിലധികമാണ്. കഴിഞ്ഞ വർഷം 95,000 കോടി രൂപയായിരുന്നു.
പ്രതിരോധ രൂപകൽപന, വികസനം, ഉത്പാദനം എന്നിവയിലെ നയങ്ങളിലൂടെ കഴിഞ്ഞ എട്ട് വർഷത്തിനിടെ വ്യവസായങ്ങൾക്ക് നൽകിയ പ്രതിരോധ ലൈസൻസുകളുടെ എണ്ണത്തില്‍ 200 ശതമാനം വർദ്ധനയാണ് ഉണ്ടായത്. ഇത് രാജ്യത്തെ പ്രതിരോധ വ്യവസായിക ഉത്പാദന മേഖലയ്ക്ക് ഉത്തേജനം നൽകുകയും വൻ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
വ്യവസായം സുഗമമായി നടത്തുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളും (എംഎസ്എംഇ) സ്റ്റാർട്ടപ്പുകളെയും വിതരണ ശൃംഖലയിലേക്ക് കൂട്ടിച്ചേർക്കൽ ഉൾപ്പെടെ നിരവധി നയ പരിഷ്കാരങ്ങൾ നടത്തിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Comments