മലയാളത്തിന്റെ താര രാജാവിന് ഇന്ന് ജന്മദിനം. പകരക്കാരനില്ലാത്ത അവതാരം ഇന്ന് 63-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. മുൻഗാമികളും പിൻഗാമികളുമില്ലാത്ത നടനവിസ്മയം. ഒറ്റയാനെ പോലെ സിനിമാ ലോകത്തേക്ക് പിച്ചവെച്ച് വന്ന മനുഷ്യൻ മലയാള സിനിമയെന്ന ഗോളത്തിനുള്ളിൽ ഒറ്റയ്‌ക്കൊരു ലോകം തീർത്തു . ഒരിക്കലും മറക്കാത്ത, മലയാള സിനിമ ഉള്ളടിത്തോളം കാലം മലയാളി മറക്കാത്ത പേരാണ് മോഹൻലാൽ.
വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് ജനനം. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള സ്‌കൂളിലാണ് വിദ്യാഭ്യാസകാലം ആരംഭിക്കുന്നത്. തുടർന്ന് തിരുവനന്തപുരം മോഡൽ സ്‌കൂളിലും എംജി കോളേജിലുമായി പഠനം പൂർത്തീകരിച്ചു. മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.
മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്.ശങ്കർ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി.

1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സംവിധാനവും, അഭിനയവും കൂടി ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തിൽ മികച്ച സംവിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു. മലയാള ചലച്ചിത്ര വേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു. മോഹൻലാൽ ഒരു അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. ഇതേ വർഷം തന്നെയാണ് മാനസിക നില തെറ്റിയ യുവാവായി താളവട്ടത്തിലൂടെ എത്തിയത്.
വാടകക്കാർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രവും, ഒരു പത്ര പ്രവർത്തകനായി അഭിനയിച്ച പഞ്ചാഗ്‌നി എന്ന ചിത്രവും, മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും, ഒരു ഗൂർഖയായി വേഷമിട്ട ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ് എന്ന ചിത്രവും, ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ചലച്ചിത്രങ്ങളാണ്. അങ്ങനെ, സേതുവായും വിൻസന്റ് ഗോമസായും ബാലകൃഷ്ണനായും അപ്പുവായും ബാലചന്ദ്രൻ നായരായും വേണുഗോപാലായും ദാസനായും ജയകൃഷ്ണനായും പവിത്രനായും വിഷ്ണുവായും ദേവനാരായണനായും സിഐഡി രാംദാസായും സേതുമാധവനായും മംഗലശേരി നീലകണ്ഠനായും മോഹൻലാൽ എന്ന അതുല്യ പ്രതിഭ അഭ്രപാളികളിൽ വേഷപ്പകർച്ച കൊണ്ട് നിറഞ്ഞാടി.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. 1997-ലാണ് മോഹൻലാൽ, മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ എം.ജി.ആറിന്റെ വേഷത്തിൽ അഭിനയിച്ചു. ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത് എന്നത് ചരിത്രം. ഇതിനു ശേഷമാണ് മോഹൻലാൽ മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തിൽ 2002-ൽ അഭിനയിച്ചു. 2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ രാം ഗോപാൽ വർമ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹൻലാലാണ്. 2009-ൽ കമലഹാസനോടൊപ്പം തമിഴിൽ, ഉന്നൈ പോൽ ഒരുവൻ എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഒരു ഹിന്ദി ചിത്രമായ എ വെനസ്‌ഡേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ഈ ചിത്രം. തമിഴിൽ മോഹൻലാൽ അഭിനയിച്ച കഥാപാത്രം ഹിന്ദിയിൽ അനുപം ഖേർ ആണ് അവതരിപ്പിച്ചത്. 2014-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയിൽ വിജയ്‌ക്ക് ഒപ്പം നായക തുല്യമായ വേഷത്തിൽ അഭിനയിച്ചു.















