മോഹൻലാലിന് ഇന്ന് അറുപത്തി മൂന്നാം പിറന്നാൾ. മലയാള സിനിമയിൽ മിന്നും പ്രകടനം കാഴ്ചവെച്ച മഹാനടൻ. അഭിനയ സമവാക്യങ്ങൾ പോലും മുട്ടുമടക്കുന്ന അനായാസ പ്രകടനം, ആടി തിമിർത്ത വേഷങ്ങളിലൊക്കെയും പകരക്കാരനില്ലെന്ന് തെളിയിച്ച അവതാരം എന്നിങ്ങനെ വാക്കുകളിൽ ഒതുങ്ങാത്തത്ര പ്രത്യേകതകൾ ഉള്ളൊരു നടൻ. ഇപ്പോഴിതാ പ്രിയ നടന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മമ്മൂട്ടി.
മോഹൻലാലിനൊപ്പം കൈകോർത്ത് നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്ന അടിക്കുറിപ്പോട് കൂടിയാണ് മമ്മൂട്ടി താരത്തിന് ആശംസകൾ അറിയിച്ചത്. മെയ് 21-നാണ് മോഹൻലാലിന്റെ പിറന്നാളെങ്കിൽ അർദ്ധരാത്രി തന്നെ മമ്മൂട്ടി ആശംസകൾ നേർന്ന് പോ്‌സ്റ്റ് പങ്കുവെയ്‌ക്കുകയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രം ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് മോഹൻലാൽ എന്ന് നിസംശയം പറയാം. 1960 മെയ് 21-ന് പത്തനംതിട്ടയിലെ ഇലന്തൂരിലാണ് മോഹൻലാലിന്റെ ജനനം. 1980-ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രമായാണ് മോഹൻലാൽ അഭിനയ ജീവിതത്തിലേക്ക് ചുവടുവെയ്‌ക്കുന്നത്. പിന്നീട് വിവിധ ഭാഷകളിലായി 350-ഓളം ചിത്രങ്ങളിൽ അദ്ദേഹം തന്റെ അഭിനയമികവ് കാഴ്ചവെച്ചു.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളിൽ നൂറുകണക്കിന് കഥാപാത്രങ്ങളെ അനശ്വരമാക്കി തീർത്ത മോഹൻലാൽ എന്ന നടനെ തേടി അഞ്ചോളം ദേശീയ അവാർഡുകളും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരങ്ങളുമെത്തി. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും 2019-ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
2009-ൽ മോഹൻലാലിന് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല 2010-ലും കാലിക്കറ്റ് സർവ്വകലാശാല 2018-ലും ഡോക്ടറേറ്റ് നൽകി മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.
Comments