ഇന്ത്യൻ സിനിമ ലോകത്തിന്റെ നടന വിസ്മയമായ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കി ജനതാ മോഷൻ പിക്‌ചേഴ്‌സ്. ‘നടരാജനോ യദുനാഥനോ’ എന്ന് തുടങ്ങുന്ന ഗാനത്തോടൊപ്പം മോഹൻലാലിന്റെ ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളും കോർത്തിണക്കിയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. പുതുമ നിറഞ്ഞ മ്യൂസിക്കൽ വീഡിയോ സാമൂഹമാദ്ധമ്യങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. തോൽപാവക്കൂത്തിന്റെ പശ്ചാതലത്തിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബു, നിർമാതാവ് ഉണ്ണി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകുന്ന നിർമാണ കമ്പനിയാണ് ജനതാ മോഷൻ പിക്‌ചേഴ്‌സ്. ഇതിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ദശരഥം, തൂവാനത്തുമ്പികൾ തുടങ്ങിയ ചിത്രങ്ങളിലെ സംഭാഷണങ്ങൾ ഗാനത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനിലെ രംഗവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എസ്.സുരേഷ് ബാബുവാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഡോ. മധു വാസുദേവനാണ് വരികൾ എഴുത്തിയിരിക്കുന്നത്. സംഗീതവും ആലാപനവും ശ്രീവത്സൻ ജെ.മോനോൻ. ജനതാ മോഷൻ പിക്‌ചേഴ്‌സ് മോഹൻലാലിനായി ഒരുക്കിയ പിറന്നാൾ സമ്മാനം ഇതിനോടകം ലക്ഷക്കണക്കിന് ആരാധകരാണ് ഏറ്റെടുത്തിരിക്കുന്നത്.















