തിരുവനന്തപുരം: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ പിൻ കാലുകൾ നിലത്ത് കുത്തി നിൽക്കാൻ കഴിയാതെ കിടന്ന മനു എന്ന ആന അനുഭവിച്ച് തീർത്ത ദുരിതം ചെറുതല്ല. 2015-ൽ നിലമ്പൂരിൽ ഉണ്ടായ മഴവെള്ള പാച്ചിലിൽ ഒഴുകി വന്നതാണ് മനുവെന്ന കുട്ടിക്കൊമ്പൻ. ആനയെ തിരികെ കാട്ടിൽ വിട്ടെങ്കിലും അന്ന് ആനക്കൂട്ടം കൂട്ടത്തിൽ നിന്നും ഒറ്റപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലെത്തിച്ചത്.
ഇവിടെയെത്തുമ്പോൾ ആനയുടെ പിൻഭാഗത്തെ ഇടതുകാലിന് ചെറിയ തോതിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ആന വളരുന്നതിനൊപ്പം ഇതും മൂർച്ഛിച്ചു. ആനയ്‌ക്ക് ആഞ്ച് മിനിറ്റിന് അപ്പുറം നിലത്ത് കാലുകുത്തി നിൽക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് ആരോഗ്യപ്രശ്നം വളർന്നു. തീറ്റ കഴിക്കുന്നുണ്ടെങ്കിലും കൂടുതൽ സമയവും മുട്ടിൽ ഇഴഞ്ഞും കിടന്നുമാണ് ജിവിതം.
എന്നാൽ വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും മനുവിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പഠിച്ച്, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. കോടതി നിർദ്ദേശത്തെ തുടർന്ന് വനം വകുപ്പ് വിദഗ്ധ ഡോക്ടറുമാരുടെ സംഘത്തെ റിപ്പോർട്ട് തയ്യാറാക്കാനായി നിയോഗിച്ചു. തുടർന്ന് സംഘം കഴിഞ്ഞ ദിവസം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെത്തി. വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെയാണ് കേന്ദ്രത്തിലെത്തിയത്. സംഘം ആനയുടെ ആരോഗ്യ സ്ഥിതി മനസിലാക്കിയതിന് ശേഷം ഹൈക്കോടതിയ്‌ക്ക് റിപ്പോർട്ട് സമർപ്പിക്കും.
ആനയ്‌ക്ക് ഇതുവരെ ലഭിച്ച ചികിത്സ എന്തെല്ലാമെന്നും കാലുകൾക്ക് ബലക്ഷയം സംഭവിക്കുന്നതിനുള്ള കാരണം എന്താണെന്നുമുൾപ്പെടെ വിവിധ കാര്യങ്ങൾ ഡോക്ടർമാരുടെ സംഘം വിലയിരുത്തി. ഏഴ് വയസുമാത്രമാണ് ആനയുടെ പ്രായം. ആനയുടെ ഇടിപ്പിന് പൊട്ടൽ സംഭവിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് നിഗമനം.
വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയയെ കൂടാതെ കേരള വനംവകുപ്പ് ഡോ.ശ്യാം.കെ.വേണുഗോപാൽ, ഡോ.മാധവൻ ഉണ്ണി ,ഡോ.ദിനേശ്.പി.ടി, ഡോ.രാജീവ് ,ഡോ.സിബി.ബി.ജി. എന്നിവരാണ് സംഘത്തിലുള്ളത്. അരുൺ സക്കറിയ റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നതോടെ മനുവിന് മതിയായ ചികിത്സ ലഭിക്കുമെന്നാണ് മൃഗസ്നേഹികളുടെ പ്രതീക്ഷ.
Comments