തൃശ്ശൂർ: തൃശ്ശൂരിൽ ബിരിയാണി കടമായി നൽകാത്തതിൽ രോഷാകുലരായ മൂന്നംഗസംഘം ഹോട്ടലിനു നേരെ ആക്രമണം നടത്തി. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനായ അസം സ്വദേശി ജുനൈദിന്റെ ചെവിയറ്റു. തൃപ്രയാർ ജംഗ്ഷനിലെ കലവറ ഹോട്ടലിലാണ് സംഭവം.
ആക്രമണത്തിൽ ജുനൈദിന്റെ കണ്ണിനും പരിക്കുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഹോട്ടലിലെ മറ്റ് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കട അടിച്ചു തകർത്ത സംഘം സിസിടിവിയുടെ ഡിവിആറും തകർത്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ പോലീസിന് കൈമാറി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹോട്ടലിലെത്തിയ മൂന്നുപേർ ബിരിയാണി പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട് ബില്ലുകൊടുത്തപ്പോൾ കടമായി നൽകാനും പറഞ്ഞു. എന്നാൽ ഹോട്ടൽ ഉടമ സ്ഥലത്തില്ലെന്നും കടമായി നൽകാൻ കഴിയില്ലെന്നും പറഞ്ഞു. തുടർന്ന് ജീവനക്കാരൻ ഉടമയെ വിവരം ഫോണിലൂടെ അറിയിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരൻ വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുന്നതിനിടയിൽ മൂവരും ജീവനക്കാരനെ വീണ്ടും ആക്രമിച്ചു. ജീവനക്കാരൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
Comments