ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി നിർമ്മിച്ച പാർലമെന്റ് സമുച്ചയത്തിന്റെ വീഡിയോ ട്വീറ്ററിൽ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ കുറിച്ചത്.
‘മൈ പാർലമെന്റ് മൈ പ്രൈഡ്’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വീഡിയോ പങ്കുവെക്കാൻ അദ്ദേഹം രാജ്യത്തെ പൗരൻമാരോട് അഭ്യർത്ഥിച്ചു. സ്വന്തം വോയ്സ് ഓവറിനൊപ്പം വീഡിയോ പങ്കുവെക്കാനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്.
‘പുതിയ പാർലമെന്റ് മന്ദിരത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഈ വീഡിയോ ഈ ഐതിഹാസിക മന്ദിരത്തിൽറെ ഒരു ഹ്രസ്വ കാഴ്ച നൽകുന്നു. എനിക്കൊരു പ്രത്യേക അഭ്യർത്ഥനയുണ്ട് — പാർലമെന്റ് മന്ദിരത്തെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ വ്യക്തമാക്കുന്ന നിങ്ങളുടെ സ്വന്തം വോയ്സ് ഓവറുമായി ഈ വീഡിയോ പങ്കിടുക. ചിലത് ഞാൻ വീണ്ടും ട്വീറ്റ് ചെയ്യും. മൈ പാർലമെന്റ് മൈ പ്രൈഡ് എന്ന ഹാഷ് ടാഗ് ഉപയോഗിക്കാൻ മറക്കരുത്,’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഞായറാഴ്ചയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ
ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുക. അതിരാവിലെ തന്നെ ഹോമത്തൊടുകൂടിയാണ് ചടങ്ങുകൾ സമാരംഭിക്കുക. പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ, മന്ത്രിമാർ എന്നിവർ ഈ പൂജയിൽ പങ്കെടുക്കും. തുടർന്ന്, അധികാരത്തിന്റെയും നീതിയുടെയും കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ ലോക്‌സഭയ്‌ക്കുള്ളിൽ സ്ഥാപിക്കും.
Comments