തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്ന പ്രവചനം നിലനിൽക്കെയാണ് കാലാവസ്ഥാ വകുപ്പ് അലേർട്ട് പ്രഖ്യാപിച്ചത്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ ഈ ജില്ലകളിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എന്നാൽ അതിനിടെ തെക്കു-പടിഞ്ഞാറൻ കാലവർഷം ദക്ഷിണ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപിന്റെ ചില ഭാഗങ്ങളിലേക്കും കടന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന 5 ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. കൂടാതെ അറബിക്കടലിൽ തിങ്കളാഴ്ചയോടെ ന്യൂനമർദ്ദം രൂപമെടുക്കാനും ഇടയുണ്ട്. അതു കൂടുതൽ ശക്തമായി ചുഴലിക്കാറ്റായി മാറിയേക്കാം എന്നും വകുപ്പ് അറിയിച്ചു.
Comments