മലയാളികൾക്ക് പപ്പടം എന്നത് ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭവമാണ്. പപ്പടം എത്ര കിട്ടിയാലും മതിവരാത്തവരാണ് പലരും. സദ്യയ്ക്ക് പരിപ്പിനും പായസത്തിനുമൊപ്പം പപ്പടം പൊട്ടിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് ലഭിക്കുന്ന സംതൃപ്തി ഒന്നു വേറെ തന്നെ. സദ്യക്ക് മാത്രമല്ല, ദോശയ്ക്കും ഇടലിക്കും പുട്ടിനുമൊപ്പം മലയാളികൾ പപ്പടം കഴിക്കും. മിക്കവരും പപ്പടം കടയിൽ നിന്നു തന്നെയാണ് മേടിക്കാറ്. നല്ല പപ്പടം വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ എന്ന് നാം ചിന്തിക്കാറുണ്ട്. എന്നാൽ, എങ്ങനെയാണ് പപ്പടം ഉണ്ടാക്കുക എന്ന് പലർക്കും അറിയില്ല. പപ്പടം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.
പപ്പടം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ
ഉഴുന്ന് പരിപ്പ്- 1 കിലോ
പെരുംകായം- 1 ടീസ്പൂൺ
അപ്പക്കാരം – 35 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക. അതിലേയ്ക്ക് ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ആവശ്യത്തിന് ചേർക്കുക. ഇതിലേയ്ക്ക് വെള്ളം ചേർത്ത് കുഴയ്ക്കുക. നന്നായി കുഴച്ചെടുക്കണം. ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കണം. ഇത് 7 സെ.മി വ്യാസത്തിൽ പരത്തിയെടുക്കുക. പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിടുക. നല്ല ഒന്നാന്തരം പപ്പടം തയ്യാറായിക്കഴിഞ്ഞു. പപ്പടം വായു സഞ്ചാരമില്ലാത്തിടത്ത് വേണം സൂക്ഷിക്കാൻ. അങ്ങനയെങ്കിൽ ഒരു മാസമെങ്കിലും പപ്പടം കേടുകൂടാതെ ഇരിക്കും.
Comments