പുതിയ നേട്ടവുമായി ബ്രഹ്മാണ്ഡ ചിത്രം ‘ആദിപുരുഷ്’. റിലീസിന് മുൻപ് ബജറ്റിന്റെ 85 ശതമാനവും തിരിച്ചുപിടിച്ചതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. വൻ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് അങ്ങനെ പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷും ഇടംപിടിച്ചു.
ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വിൽപ്പന വഴി 247 കോടി രൂപയാണ് ആദിപുരുഷ് നേടിയത്. തെന്നിന്ത്യയിൽ നിന്ന് മാത്രം തിയേറ്റർ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ടിൽ ഉണ്ട്. അങ്ങനെ ആകെ 432 കോടിയാണ് ചിത്രം സമാഹരിച്ചത്.
ചിത്രം ജൂൺ 16-ന് തിയേറ്ററുകളിലെത്തും. മികച്ച ഓപ്പണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പിൽ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളിൽ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
ബോളിവുഡ് ചിത്രം താനാജിക്ക് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദിപുരുഷ്. ചിത്രത്തിൽ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ജാനകിയായി കൃതി സനോണും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും വത്സൽ സേത് ഇന്ദ്ര ദേവനായുമാണ് അഭിനയിക്കുന്നത്.
രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ആദിപുരുഷ് എത്തുന്നത്. ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും.
നെറ്റ്ഫ്ളിക്സ് ആദിപുരുഷ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. 250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമ്മാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിന് വേണ്ടിയാണുള്ളത്. 120 കോടിയാണ് ചിത്രത്തിൽ പ്രഭാസിന്റെ മാത്രം പ്രതിഫലം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവ് ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.
Comments