പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജൂൺ 16-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബിഗ് സ്ക്രീനിൽ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സിനിമയുടെ ഫൈനൽ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രാമ-രാവണ യുദ്ധമാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ട്രെയിലറാണ് പുറത്തു വന്നിരിക്കുന്നത്.
റിലീസിന് മുമ്പ് ബജറ്റിന്റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചു എന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് വന്നിരുന്നത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. വൻ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് പ്രഭാസ് നായകനാവുന്ന ആദിപുരുഷ് ഇടം നേടുകയായിരുന്നു. സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വിൽപ്പന വഴി 247 കോടി രൂപയും തെന്നിന്ത്യയിൽ നിന്ന് മാത്രം തിയേറ്റർ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടി. ആകെ 432 കോടിയാണ് ചിത്രം ഇതിനോടകം നേടിയത്.
മികച്ച ഓപ്പണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുകയാണെങ്കിൽ ഹിന്ദി പതിപ്പിൽ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളിൽ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. താനാജിക്ക് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദിപുരുഷ്. സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലിഖാനും എത്തുന്നു. ഹനുമാന്റെ വേഷത്തിൽ എത്തുന്നത് ദേവദത്ത നാഗേയാണ്.
Comments