ഇടുക്കി: അരിക്കൊമ്പനെ തിരികെ എത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാൽ പ്രദേശവാസികൾ സൂചനാ സമരം നടത്തി. ചിന്നകനാലിലെ മുതുവാൻ വിഭാഗത്തിൽപ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന്റെ ആരോഗ്യത്തിന് ദോഷകരമാകുന്ന രീതിയിൽ ഇനിയും നടപടികൾ ഉണ്ടായാൽ സമരം ശക്തമാക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ചിന്നക്കനാലിൽ സൂര്യനെല്ലി- സിങ്കുകണ്ടം പാതയിലാണ് സൂചന സമരവുമായി വനവാസികൾ ഒത്തു കൂടിയത്. തുടർച്ചയായ മയക്കുവെടികളും, ആവാസവ്യവസ്ഥയിലെ മാറ്റവും ആനയുടെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം. തുമ്പികൈയിലെ മുറിവ് അപകടകരമായ രീതിയിലേക്ക് മാറിയതായും ഇവർ പറയുന്നു. അരിക്കൊമ്പനെ ജനിച്ച് വളർന്ന മതികെട്ടാൻ വനമേഖലയ്ക്ക് തിരികെ എത്തിയ്ക്കണമെന്നും കൃത്യമായ ചികിത്സ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.
Comments