ന്യൂയോർക്ക്: ലോക കേരളസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിൽ എത്തി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലും വിദേശ സന്ദർശനം നടത്തുന്നുണ്ട്. ജൂൺ 10-ന് ലോക കേരളസഭാ സമ്മേളനത്തിന് തുടക്കം കുറിക്കാനിരിക്കെ അപ്രതീക്ഷിതമായി പുകയിൽ മൂടിയിരിക്കുകയാണ് ന്യൂയോർക്ക് നഗരം. കാനഡയിലെ കാട്ടുതീ പടർന്നതിനെ തുടർന്നാണ് ന്യൂയോർക്ക് നഗരം പുകയിൽ മൂടിയത്.
മുഖ്യമന്ത്രിയുടെ ആദ്യ മൂന്നു ദിവസത്തെ പരിപാടികളും ന്യൂയോർക്കിൽ തന്നെ ആണ്. പ്രധാന പരിപാടികൾ നടക്കുന്ന ശനിയാഴ്ചയ്ക്കു മുൻപ് പുക അടങ്ങുമെന്ന പ്രതീക്ഷയിലാണ് സംഘടകർ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലടക്കം മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശം. സ്പീക്കർ എ.എൻ ഷംസീർ, ധനമന്ത്രി കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.ജോയ് എന്നിവരും മുഖ്യമന്ത്രിയ്ക്കൊപ്പം ന്യൂയോർക്ക് സന്ദർശിക്കുന്നുണ്ട്.
ജൂൺ 9-ന് ന്യൂയോർക്കിലെ 9/11 സ്മാരകം മുഖ്യമന്ത്രി സന്ദർശിക്കും. തുടർന്ന് യുഎൻ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദർശനം നടത്തും. ജൂൺ 10-ന് രാവിലെ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക്ക്വീയിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ലോക കേരള സഭയുടെ ഭാഗമായി നടത്തിയ പണപ്പിരിവ് വലിയ വിവാദമായിരുന്നു.
Comments