ലോകത്ത് നിരവധി വിഷപാമ്പുകളുണ്ട്. ലോകത്തെ ഏറ്റവും നീളംകൂടിയ വിഷ പാമ്പ് രാജവെമ്പലയാണെന്നും നമുക്ക് അറിയാം. എന്നാൽ രാജവെമ്പലയേക്കാൾ ഭയത്തോടെ ജനങ്ങൾ സംസാരിക്കുന്ന ഒരു പേരുണ്ട്. ആഫ്രിക്കക്കാരുടെ പേടി സ്വപ്നമായ ബ്ലാക്ക് മാംബ. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പാണിത്. ആഫ്രിക്കയുടെ തെക്ക്, കിഴക്കൻ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. നീളം മാത്രമല്ല, ഏറ്റവും വേഗതയേറിയ പാമ്പുകൂടിയാണിവ. ഒരു ജനതയുടെ പേടി സ്വപ്നം ആയതിനാൽ ബ്ലാക്ക് മാംബയെപ്പറ്റി പല കഥകളും പ്രചിരിക്കുന്നുണ്ട്. ‘മരണത്തിന്റെ ചുംബനം’ എന്നാണ് ആഫ്രിക്കക്കാർ ബ്ലാക്ക് മാംബയുടെ കടിയെ വിശേഷിപ്പിക്കുന്നത് തന്നെ.
ബ്ലാക്ക് മാംബകൾക്ക് 14 അടി വരെ നീളം ഉണ്ടാകും. മണിക്കൂറിൽ 12.5 മൈൽ വേഗതയിൽ ഇവ ഇഴയും. വലിപ്പവും വേഗതയും വിഷവും ബ്ലാക്ക് മാംബയെ ഏറ്റവും മാരക വിഷപാമ്പാക്കി മാറ്റുന്നു. ന്യൂറോ, കാർഡിയോ ടോക്സിനുകൾ അടങ്ങിയതാണ് ഇവയുടെ മാരക വിഷം. കുതിരയേക്കാൾ വേഗമുള്ള പാമ്പ്, ശരീരം വളയം പോലെയാക്കി ഉരുണ്ടു വന്ന് ആക്രമിക്കുന്ന പാമ്പ്, ആസൂത്രണത്തോടെ ആളുകളെ ആക്രമിച്ചു കൊലപെടുത്തുന്ന പാമ്പ് എന്നിങ്ങനെ പല കഥകളും ആഫ്രിക്കയിൽ കാലാകാലങ്ങളായി ബ്ലാക്ക് മാംബയെപ്പറ്റി പ്രചരിക്കുന്നു.
കടിക്കുമ്പോൾ ഒറ്റത്തവണയല്ല, ഓരോ തവണയും വലിയ അളവിൽ മാരകമായ വിഷം കടിയേൽക്കുന്നവരിൽ പ്രവേശിക്കുന്നു. ബ്ലാക്ക് മാംബ എന്നാണ് പേരെങ്കിലും ബ്രൗൺ നിറത്തിന്റെ വിവിധ വകഭേദങ്ങളിലാണ് ഇവ കാണപ്പെടുന്നത്. എന്നാൽ പാമ്പിന്റെ വായയുടെ ഉൾവശം നല്ല കറുത്തതാണ്. അതിനാലാണ് ഇവയെ ബ്ലാക്ക് മാംബ എന്ന് വിളിക്കുന്നത്. വിഷം പ്രധാനമായും ന്യൂറോടോക്സിക് ആണ്. ലക്ഷണങ്ങൾ പലപ്പോഴും 10 മിനിറ്റിനുള്ളിൽ തന്നെ പ്രകടമാകും.
പ്രധാനമായും പുൽമേടുകളിലും മലമ്പ്രദേശങ്ങളിലും കാണപ്പെടുന്ന ബ്ലാക്ക് മാംബകളുടെ പ്രധാന ഭക്ഷണം എലികൾ, അണ്ണാനുകൾ, ചില പക്ഷികൾ എന്നിവയാണ്. ബ്ലാക്ക് മാംബയ്ക്ക് വേട്ടയാടുന്ന മൃഗങ്ങൾ കുറവാണ്. ചില കഴുകൻമാർ മാത്രമാണ് ഈ വിഷ പമ്പിനെ വേട്ടയാടാൻ മുതിരുകയുള്ളൂ. പൂർണ വളർച്ചയെത്താത്ത മാംബകളെ കീരികളും ചില വേഴാമ്പലുകളും വേട്ടയാടാറുണ്ട്. ബ്ലാക്ക് മാംബയുടെ വിഷത്തെ പ്രതിരോധിക്കുന്നതിനുള്ള മറുവിഷങ്ങൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എങ്കിലും കടിയേറ്റ ശേഷം ചികിത്സ വൈകിയാൽ ജീവൻ നഷ്ടംപ്പെടും.
Comments