ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു പഴമാണ് പേരയ്‌ക്ക. ധാതുസമ്പത്തിന്റെ ഒരു പവര്‍ഹൗസ് തന്നെയാണിത്. എന്നാൽ, പേരയ്‌ക്കയിൽ മാത്രമല്ല പേര ഇലയിലും ആരോഗ്യകരമായ പല ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പലരും ചായ ഉണ്ടാക്കാൻ പേര ഇല ഉപോയഗിക്കുന്നത് കാണാൻ സാധിക്കും. പേര ഇല കൊണ്ടുളള ചായ കുടിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. വിറ്റാമിൻ സി, ഇരുമ്പ് എന്നിവ ഇലകളിൽ അടങ്ങിയിട്ടുണ്ട്. ജലദോഷം ക്ഷമിക്കാൻ പേര ഇല കൊണ്ടുളള ചായ കുടിച്ചാൽ മതിയെന്ന് പഴമക്കാർ പറയുന്നു. മൂക്കടപ്പ്, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയിൽ നിന്ന് മുക്തി നേടാൻ ഇത് വളരെ ഫലപ്രദമാണ്.
മെക്സിക്കോയിലും തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും വർഷങ്ങളായി പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ് പേര ഇല. സൗന്ദര്യവർദ്ധക ഉൽപ്പന്നമായും ഇത് ഉപയോഗിക്കുന്നു. മുഖക്കുരു, ചർമ്മത്തിന് തിളക്കം വർദ്ധിക്കാൻ, മുടി കൊഴിച്ചിൽ തടയാൻ എന്നിങ്ങനെ പല പ്രശ്നങ്ങൾക്കും പേര ഇല ഉപോയോഗിച്ച് വരുന്നുണ്ട്. എന്നാൽ, പല്ലുവേദനയ്‌ക്കും ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് പേര ഇല എന്ന് പറയപ്പെടുന്നു. ദന്തക്ഷയം കുറയ്‌ക്കാനും മോണകളിലെ വീക്കം മാറാനും ഇവ സഹായിക്കുന്നുണ്ട്. ഈ ഇലകൾക്ക് ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പല്ലിലെ ബാക്ടീരിയകളെ കൊല്ലുകയും വീക്കം കുറയ്‌ക്കുകയും ചെയ്യുന്നു.
പേര ഇല അരച്ച് പേസ്റ്റ് ഉണ്ടാക്കി വേണം ഉപയോഗിക്കാൻ. പേര ഇല ഉണക്കി എടുത്ത ശേഷം നന്നായി അരയ്‌ക്കുക. ഇതിലേയ്‌ക്ക് കുറച്ച് പിപ്പിലിയും ഗ്രാമ്പുവും ചേർക്കണം. അല്പം ഉപ്പ് ചേർക്കുക. ഈ മിശ്രിതം വേദനയുള്ള പല്ലിൽ നന്നായി പുരട്ടിയാൽ വേദന മാറും. ഈ പേസ്റ്റ് പല്ലിനുള്ളിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനൊപ്പം പല്ലിലെ വിരകളെ നിർവീര്യമാക്കുകയും ചെയ്യുന്നു. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് പേരയില. ഇവ പല്ലിന്റെ വീക്കം കുറയ്‌ക്കും. പല്ലിന് ചുറ്റുമുള്ള ഭാഗങ്ങളിലെ അണുബാധയും കുറയ്‌ക്കുന്നു. ഇതുമൂലം പല്ലിന്റെ വേദന കുറയുന്നു.















