സൊമാറ്റോയുടെ സിഇഒയും സ്ഥാപകനുമായ ദീപീന്ദർ ഗോയൽ ഇന്ത്യൻ ബിസിനസ് ലോകത്തെ അത്ഭുത മനുഷ്യനെന്ന് വേണമെങ്കിൽ പറയാം. ജീവിതത്തിൽ ഓർത്തുവെയ്‌ക്കാൻ സാധിക്കത്തക്ക വിധം നിരവധി കാര്യങ്ങൾ ചെയ്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോഴൊക്കെയും അതൊന്നും കാര്യമാക്കാതെ വിജയം നേടിയെടുത്തതാണ് ദീപീന്ദറിന്റെ ചരിത്രം.
പ്രതിസന്ധികൾക്കപ്പുറം 16 സ്റ്റാർട്ടപ്പുകളിലാണ് ദീപീന്ദർ നിക്ഷേപം നടത്തിയിരിക്കുന്നത്. ഷെഫ്കാർട്ടും അൺഅക്കാദമിയും ഉൾപ്പെടെ പ്രമുഖ സ്റ്റാർട്ടപ്പുകളും ഇതിലുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ സമ്പത്ത് ഒരു ബില്യണിലെത്തുന്നത്. കൊറോണ മഹാമാരിയുടെ കാലത്ത് 700 കോടിയുടെ ഓഹരികൾ ജീവനക്കാർക്കായി അദ്ദേഹം കൈമാറിയത് അന്ന് വലിയ വാർത്തയായിരുന്നു. തന്റെ കമ്പനിയുടെ ഡെലിവറി പാർട്ണർമാരുടെ വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടിയായിരുന്നു അദ്ദേഹം ഈ ഭീമൻ തുക ചെലവഴിച്ചത്. ദീപീന്ദർ എന്ന വ്യക്തിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായി നിർത്തുന്നതും ഇത്തരത്തിലുള്ള പ്രവൃത്തികളാണ്.
പഞ്ചാബിലെ മുക്തസർ ജില്ലയിലായിരുന്നു ദീപീന്ദറിന്റെ ജനനം. ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. എട്ടാം ക്ലാസിൽ പരീക്ഷയിൽ തോൽക്കേണ്ടതായിരുന്നുവെന്നും ഇൻവിജിലേറ്ററിന്റെ സഹായത്തോടെയായിരുന്നു വിജയിച്ചതെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. എട്ടാം ക്ലാസിലെ വിജയത്തിന് ശേഷം സ്‌കൂളിലെ റാങ്ക് ഹോൾഡറിൽ ഒരാളായി ദീപീന്ദർ മാറി. കുടുംബത്തിന്റെ സഹായത്തോടെ ചണ്ഡീഗഡിലെ ഐഐടി പഠനത്തിന് ചേർന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. പിന്നീട് ജൽഹി ഐഐടി പരീക്ഷയിൽ വിജയിച്ച് ജീവിതത്തിലും മുന്നേറുകയായിരുന്നു അദ്ദേഹം.















