എറണാകുളം: പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി. ആരോപിക്കപ്പെട്ട 13 കുറ്റങ്ങളിൽ പത്തെണ്ണത്തിലും മോൻസൻ കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. ഐപിസി 354, ഐപിസി 376 (3), പോക്സോ വകുപ്പ് 7, 8 എന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്നും കോടതി വ്യക്തമാക്കി. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി.
2019-ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. കലൂരിലെ വീട്ടിൽ വെച്ച് വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചതായാണ് കേസ്. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയ്ക്ക് പതിനേഴ് വയസുള്ളപ്പോഴാണ് സംഭവം. കുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതായായും പരാതിയിൽ പറയുന്നു.
പുരാവസ്തു തട്ടിപ്പ് കേസിൽ 2021-ലാണ് മോൻസൺ മാവുങ്കൽ അറസ്റ്റിലാകുന്നത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ അമ്മ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മോൻസനെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു.
Comments