തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വരും ദിവസങ്ങളിൽ പകർച്ചപ്പനി അസാധാരണമായ വർദ്ധനവ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി ഡോക്ടർ സംഘം. സർക്കാർ ആശുപത്രികൾ പനി ബാധിതരാൽ നിറയുന്ന സാഹചര്യത്തിൽ അടിയന്തിരമായി കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്ന് ഡോക്ടർമാരുടെ ആവശ്യം. ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയാണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തുന്നത്.
സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ രോഗികളാൽ നിറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിച്ചിരുന്നു. പനികൾ ബാധിച്ച് നിരവധി പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. ആശുപത്രികളിൽ രോഗികളുടെ തിരക്ക് വർദ്ധിച്ചതിനാനുപാതികമായി ഡോക്ടർമാരും നഴ്‌സുമാരും ഇല്ലെന്നതാണ് ഉയർന്നുവരുന്ന ആക്ഷേപം.
ആശുപത്രികളിൽ കൂടുതൽ പനി ക്ലിനിക്കുകൾ ആരംഭിച്ചെങ്കിലും കാര്യമായ പ്രയോജനമില്ല. വിവിധ കൗണ്ടറുകൾക്ക് മുന്നിൽ മണിക്കൂറുകളോളം രോഗികൾ ക്യൂവിൽ നിൽക്കേണ്ട സാഹചര്യമാണുള്ളത്. പ്രായമായവരിൽ പലരും കുഴഞ്ഞു വീഴുകയാണ്. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാത്തതാണ് പ്രതിസന്ധിയ്‌ക്ക് കാരണമെന്നാണ് ഉയരുന്ന വിമർശനം. സംസ്ഥാനത്ത് ദിവസവും 12,000 ത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നതെന്നാണ് വിവരം.















