ജഗദീശ്വരനായ സുന്ദരേശ്വരഭഗവാന്‍ പുത്രനായ ഉഗ്രന് മൂന്ന് ആയുധങ്ങള്‍ നല്‍കുന്ന ലീലയാണ് ഇതിലെ പ്രധാന പ്രതിപാദ്യം.
സുന്ദരേശ്വരഭൂപന്‍ പുത്രന് വിവാഹം ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ കല്ല്യാണനഗരത്തിന്റെ നാഥനും സര്‍വ്വസത്ഗുണസമ്പന്നനും ഭക്തോത്തമനും ആയ സോമശേഖര ഭൂപതി ‘ മധുര’ യില്‍ എത്തി. പത്‌നിയോടും പുത്രിയായ ‘കാന്തിമതി’യോടും ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ ആഗമനം. അവര്‍ മൂവരും മധുരയില്‍ വരാന്‍ കാരണം രാത്രിയില്‍ രാജാവിനുണ്ടായ സ്വപ്‌നദര്‍ശനമാണ്. ഹാലാസ്യനാഥനായ ശ്രീപരമേശ്വരന്‍ ആണ് പുത്രിയെ ഉഗ്രന് പാണിഗ്രഹണം ചെയ്യ്തു കൊടുക്കണമെന്ന് സ്വപ്‌നത്തില്‍ കൂടി അറിയിച്ചത്.
രാജാവും കുടുംബാഗങ്ങളും സുന്ദരേശഭൂപനെ ദര്‍ശിക്കുകയും വിശഷ്ടങ്ങളായ സമ്മാനങ്ങള്‍ സന്തോഷ സൂചകമായി നല്‍കി ആദരിക്കുകയും ചെയ്യ്തു. പാണ്ഡ്യ ഭൂപതിയും അവര്‍ക്ക് വസിക്കുവാല്‍ പൊന്മണി നിര്‍മ്മിതമായ ഒരു മന്ദിരം നല്‍കി. മന്ത്രിമാര്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. സുന്ദരേശ്വരന്‍ ദേവഗുരുവായ ബൃഹസ്പതിയെ സ്മരിച്ചു. സ്മരണമാത്രയില്‍ ഗുരു അവിടെ സന്നിഹിതനായി. ‘കാന്തിമതി’ എന്ന കന്യകയുടെ ലക്ഷണം പരീക്ഷിക്കുവാന്‍ വേണ്ടിയാണ് ഗുരുവിനെ വരുത്തിയത്. അദ്ദേഹം കന്യകയുടെ കേശാദിപാദാന്തം സസൂക്ഷമം നിരീക്ഷണം ചെയ്യ്തതിനുശേഷം അംഗപ്രതൃംഗ ലക്ഷണങ്ങള്‍ സവിസ്തരം അറിയിച്ചു. സര്‍വ്വ ലക്ഷണങ്ങളും ഒത്തുചേര്‍ന്ന കാന്തിമതി ഉഗ്രന്റെ പത്‌നിയാകുവാന്‍ സര്‍വ്വഥാ യോഗ്യയാണെന്ന് അറിയിച്ചു. ബ്രഹ്‌മദേവന്‍, വിഷ്ണുദേവന്‍, ബ്രഹ്‌മജ്ഞരായ മുനിശ്രേഷ്ഠന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നല്ല ഒരു മുഹൂര്‍ത്തത്തില്‍ ഉഗ്രന്റെയും കാന്തിമതിയുടെയും പാണിഗ്രഹണം നടന്നു.
വിവാഹത്തിനു ശേഷം സുന്ദരേശരാജാവ് പുത്രന് മൂന്ന് ആയുധങ്ങള്‍ നല്‍കി. വലയം (വളയം) ശക്തി (വേല്‍), ചണ്ഡായുധം(നീളം കൂടിയതും അഗ്രം വളഞ്ഞതും ശത്രുകള്‍ക്ക് കാണാന്‍ സാധിക്കാത്തതും ആയ ഒരു ആയുധം) എന്നിവയാണ് ആ ആയുധങ്ങള്‍. ഭാവിയില്‍ മൂന്നു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ വേണ്ടിയാണ് അവ നല്‍കിയത്്. പുത്രനായ ഉഗ്രപാണ്ഡ്യന്‍ ഭക്തിപൂര്‍വ്വം അവ സ്വീകരിക്കുകയും പിതാവിന്റെ പാദങ്ങളില്‍ പ്രണമിക്കുകയും ചെയ്യ്തു.
പുത്രന്‍ പാണ്ഡ്യ ചക്രവര്‍ത്തിയായിരുന്ന് രാജ്യം പരിപാലിക്കുവാന്‍ സമര്‍ത്ഥനാണെന്ന് ദൃഢനിശ്ചയം വന്ന സുന്ദരേശ്വരപാണ്ഡ്യന്‍ ഭരണം പുത്രനെ ഏല്‍പിച്ചു. അറുപത്തയ്യായിരം വര്‍ഷം രാജ്യം ഭരിച്ച് സര്‍വ്വ ജനങ്ങള്‍ക്കും സന്തോഷം പ്രദാനം ചെയ്തുകൊണ്ട് ഭൂമിയെ പരിപാലിക്കുവാന്‍ അനുഗ്രഹിച്ചു.
മനുഷ്യാവതാരം സ്വീകരിച്ച് മധുരാപുരിയെ ഭരിച്ച ഭഗവാന്‍ പട്ട മഹഷിയായ തടാതകാദേവിയോടുകൂടി മൂലലിംഗത്തില്‍ ലയിച്ചു. ഭഗവാനോടൊപ്പം മനുഷ്യാവതാരം സ്വീകരിച്ച് മധുരയിലുണ്ടായിരുന്ന ഭൂതഗണങ്ങളും അപ്രത്യക്ഷരായി.
ഭഗവാന്റെ പന്ത്രണ്ടാമത്തെ ലീല പാരായണം ചെയ്യുകയും കേള്‍ക്കുകയും ചെയ്യ്താല്‍ ആയുസ്സും ആരോഗ്യവും സമ്പത്തും സന്താനസൗഭാഗ്യവും ലഭിക്കുമെന്നാണ് ഫലശ്രുതി. മാത്രമല്ല, ഭാഗവാന്റെ അനുഗ്രഹത്താല്‍ ചിന്തിച്ചെതെല്ലാം ഫലിക്കുകയും ചെയ്യും.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/
അടുത്ത ഹാലാസ്യ ലീല 13:- അബ്ധിതാഡനം
അവലംബം:- ശ്രീവേദവ്യാസമഹര്‍ഷി രചിച്ച സ്‌കന്ദ പുരാണത്തിലെ അഗസ്ത്യസംഹിതയെ അടിസ്ഥാനമാക്കി ചാത്തുക്കുട്ടി മന്നാടിയാര്‍ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..















