നോയിഡ: വിവാഹപ്പിറ്റേന്ന് ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഞെട്ടിപ്പിച്ച് യുവതി. വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ നവവധുവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ ഏഴ് മാസം ഗർഭിണിയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഭർത്താവിനെ തേടിയെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ യുവതി പ്രസവിക്കുകയും ചെയ്തു. ഗർഭിണിയാണെന്ന കാര്യം മറച്ചുവെച്ച് വിവാഹം കഴിപ്പിച്ച പെൺവീട്ടുകാരോട് അതൃപ്തി അറിയിച്ച ഭർത്താവ് യുവതിയെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
സെക്കന്തരാബാദിൽ നിന്നുള്ള യുവതിയെ കഴിഞ്ഞ ദിവസമായിരുന്നു നോയിഡ സ്വദേശി വിവാഹം കഴിച്ചത്. കല്യാണം നടന്ന ദിവസം രാത്രി നവവധുവിന് കലശലായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. വേദന അസഹ്യമായതോടെ ഭർതൃവീട്ടുകാർ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് വരനും കൂട്ടരെയും തേടി ‘സർപ്രൈസ്’ എത്തിയത്. പെൺകുട്ടി ഏഴ് മാസം ഗർഭിണിയായിരുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ജൂൺ 26നായിരുന്നു വിവാഹം. 28-ാം തിയതി നവവധു അമ്മയായി. യുവതിയുടെ വയർ വീർത്തിരിക്കുന്നത് നേരത്തെ തന്നെ വരന്റെ വീട്ടുകാർ ശ്രദ്ധിച്ചിരുന്നു. കാരണം ആരാഞ്ഞപ്പോൾ അടുത്തിടെ ഒരു ശസ്ത്രക്രിയ നടന്നിരുന്നുവെന്നും അതിന്റെ ഭാഗമായി വന്ന വയറാണെന്നും യുവതിയുടെ വീട്ടുകാർ മറുപടി നൽകി. അതിനാൽ യുവതി ഗർഭിണിയാണെന്ന വിവരം ഡോക്ടർമാർ അറിയിച്ചതോടെ വരനും ബന്ധുക്കളും സ്തബ്ധരായിരുന്നു.
സംഭവത്തിൽ പോലീസിന് പരാതി നൽകാൻ ആദ്യം മുതിർന്നെങ്കിലും നിയമ നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന തീരുമാനത്തിൽ ഭർതൃവീട്ടുകാർ എത്തി. സെക്കന്തരാബാദിൽ നിന്ന് യുവതിയുടെ കുടുംബം എത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ധൻകൗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഇൻ ചാർജ്ജായ സഞ്ജയ് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Comments