തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ നേരിയ ആശ്വാസം. കാലവർഷ തീവ്രത കുറയുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ നാളെകൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് കണ്ണൂർ, കാസർകോഡ് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾക്ക് യെല്ലോ അലർട്ട് മുന്നറിയിപ്പും നൽകി.
സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്ന് ഇതുവരെ വിവിധ ജില്ലകളിലായി 1734 കുടുംബങ്ങളിലെ 5882 പേരെ 167 ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്ന ഒരു കുട്ടിക്ക് പനി ബാധിച്ചതായും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും അറിയിച്ചു. ക്യാമ്പുകൾ പ്രവർത്തിക്കുന്ന തദ്ദേശമേഖലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണമായും വിലക്കേർപ്പെടുത്തി.
അടുത്ത രണ്ടു ദിവസം വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള തീരദേശ മേഖലകളിൽ 4 മീറ്റർ വരെ തിരമാലകൾ ഉയരാനുള്ള സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശമാണ് ദുരന്തനിവാരണ അതോറിറ്റി നൽകിയിട്ടുള്ളത്. മലയോര മേഖലകളിൽ വിനോദസഞ്ചാരികൾക്ക് പൂർണ്ണമായും വിലക്കേർപ്പെടുത്തി. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
Comments