“നീ, രണ്ട് ഡാറ്റാ പ്ലാൻ കൊടുത്താൽ, നാൻ രണ്ട് പ്രീ-പെയ്ഡ് പ്ലാൻ കൊടുപ്പേൻ..” ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകി കൂടുതൽ ഉപയോക്താക്കളെ നേടാനുള്ള നെട്ടോട്ടത്തിലാണ് ടെലികോം കമ്പനികൾ. കഴിഞ്ഞ ദിവസം ജിയോ രണ്ട് ഡാറ്റാ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് വോഡാഫോൺ-ഐഡിയ (വിഐ) പുതിയ പ്രീ-പെയ്ഡ് പ്ലാനുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 198 രൂപ, 204 രൂപ നിരക്കുകളിലുള്ള കോംബോ പ്ലാനുകളാണ് വിഐ പുറത്തിറക്കിയിരിക്കുന്നത്.
പ്ലാൻ 198
ഐഡിയയുടെ ഈ പ്ലാനിലൂടെ വരിക്കാർക്ക് 30 ദിവസത്തെ വാലിഡിറ്റിയും മൊത്തം കാലയളവിലേയ്ക്കായി 500 എംബി ഡാറ്റയും നൽകുന്നുണ്ട്. ഈ പ്ലാനിൽ സൗജന്യ കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും നിലവിൽ ഇല്ല. പ്ലാൻ റീചാർജ് ചെയ്താൽ ഔട്ട്ഗോയിംഗ് കോളുകൾക്ക് സെക്കൻഡിന് 2.5 പൈസ നിരക്ക് ഈടാക്കുകയും ചെയ്യുന്നു.
പ്ലാൻ 204
204 രൂപയുടെ ഈ പ്ലാനിനും 30 ദിവസത്തെ വാലിഡിറ്റി തന്നെയാണ് വോഡാഫോൺ ഐഡിയ നൽകുന്നത്. ദിവസങ്ങളുടെ കണക്ക് ഇല്ലാതെ, റീചാർജ് ചെയ്യുന്ന തിയ്യതി മുതൽ അടുത്ത മാസം അതേ തിയ്യതി വരെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 500 എംബി ഡാറ്റയാണ് മൊത്ത കാലയളവിനുമായി ഈ പ്ലാൻ നൽകുന്നത്. കോളുകൾക്ക് സെക്കൻഡിന് 2.5 പൈസ എന്ന നിരക്കും ഈടാക്കും.
മറ്റു പ്ലാനുകൾ
കോംബോ/വാലിഡിറ്റി പ്ലാനായ 99 രൂപയുടെ പ്ലാനിന് 15 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഈ പ്ലാനിലൂടെ 200 എംബി ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കുമെങ്കിലും ഔട്ട്ഗോയിംഗ് കോളുകൾ ലഭിക്കുകയില്ല. 128 രൂപാ വിലയുള്ള വോഡഫോൺ ഐഡിയ കോമ്പോ/വാലിഡിറ്റി പ്ലാനും വിഐ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 18 ദിവസത്തെ വാലിഡിറ്റിയും 10 മിനുട്ട് ലോക്കൽ ഓൺനൈറ്റ് കോളുകളും നൽകുന്നുണ്ട്.
Comments