കേരളത്തിലെ പ്രസിദ്ധവും പൗരാണികവുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കാസർകോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ക്ഷേത്രങ്ങളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. അറബിക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് ചരിത്രങ്ങളും ഏറെയാണ്. കർക്കിടക ബലിതർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്താറുള്ളത്.
കടൽത്തീരത്ത് ബലിതർപ്പണം നടത്താൻ സാധിക്കും എന്നതിനാൽ തന്നെ ഇവിടം ദക്ഷിണ കാശിയെന്നും അറിയപ്പെടുന്നു. മാതാവിനെ വധിച്ച പാപത്തിന് പരിഹാരമായി ക്ഷേത്രത്തിൽ കാലങ്ങളോളം പരശുരാമൻ പ്രാർത്ഥനയും തപസും ചെയ്തുവെന്നും പിതൃക്കൾക്ക് ബലിതർപ്പണം നടത്തിയിരുന്നുമാണ് വിശ്വാസം. ഇക്കാരണത്താൽ തന്നെ കർക്കിടകത്തിലെ വാവ് ബലിയ്‌ക്ക് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന് വളരെയധികം പ്രാധാന്യമുണ്ട്.
തിങ്കളാഴ്ച രാവിലെ ഉഷപൂജയ്‌ക്ക് ശേഷം 5.30 മുതൽ ഇവിടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിന് മുന്നിലായുള്ള കടൽതീരത്ത് ബലിതർപ്പണത്തിനായി പ്രത്യേക പന്തലുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം ഇരുപതോളം കാർമ്മികളുടെ നേതൃത്വത്തിലാണ് ഇവിടെ ബലിതർപ്പണം നടക്കുക. രാമേശ്വരത്തും ഗോകർണ്ണയിലും പിതൃപിണ്ഡങ്ങൾ നടത്തുന്നതിന് തുല്യമാണ് ഇവിടെ ചെയ്യുന്നതെന്നും വിശ്വാസമുണ്ട്.















