കൊച്ചി: മാദ്ധ്യമ രംഗത്ത് ജനം ടിവി ഛത്രപതി ശിവാജിയായി വളരണമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി വി ആനന്ദബോസ്. സത്യമറിയാനുള്ള സാധാരണക്കാരുടെ അവകാശം പ്രതിഫലിച്ചു കണ്ടത് ജനം ടിവിയിലൂടെ ആണെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവിയുടെ പുതിയ കൊച്ചി റീജിയണൽ ഓഫീസും, ബ്യൂറോയും എറണാകുളം ഇടപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.
എല്ലാം രംഗത്തും ഛത്രപതി ശിവാജിമാരെ വളർത്തിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിട്ടുണ്ട്. മാദ്ധ്യമ രംഗത്തെ ഛത്രപതി ശിവാജിയായി ജനം ടിവി വളരണം. ശബരിമലയിൽ എന്താണ് നടക്കുന്നതെന്ന സത്യാവസ്ഥ ജനം അറിഞ്ഞത് ജനം ടിവി യിലൂടെയാണ്. സത്യം അറിയാനുള്ള ജനങ്ങളുടെ അവകാശം പ്രതിഫലിച്ചു കണ്ടതും ജനം ടി വി യിലാണ്.
മാദ്ധ്യമരംഗം സ്വതന്ത്രമാകേണ്ടത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്. സത്യം അറിയാനുള്ള താൽപര്യം ജനങ്ങൾക്കും, അറിയിക്കാനുള്ള അവകാശം മാദ്ധ്യമങ്ങൾക്കുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മനിർഭര ഭാരതം നടപ്പാക്കുകയാണ്. ഭാരതമെന്ന രഥത്തെ സംരക്ഷിക്കാനൊരു നരേന്ദ്രനിവിടെ ഉണ്ടെന്നും സി വി ആനന്ദബോസ് വ്യക്തമാക്കി. ദേശവിരുദ്ധ ശക്തികളോട് വിട്ടുവീഴ്ചയില്ലാതെ ജനം ടി വി മുന്നേറുകയാണെന്ന് ജനം ടി വി മാനേജിംഗ് ഡയറക്ടർ യു എസ് കൃഷ്ണകുമാർ ചടങ്ങിൽ പറഞ്ഞു. രാജ്യത്തിന് പ്രാമുഖ്യമെന്നതാണ് ജനം ടി വിയുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments