ന്യൂഡൽഹി; വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ഇന്ത്യൻ പുരുക്ഷ ക്രിക്കറ്റ് ടീം പരിശീലകനും സംഘവും വീണ്ടും വിശ്രമത്തിൽ പോകുമെന്ന് വിവരം. ഒക്ടോബർ- നവംബർ മാസങ്ങളിലായി ഐസിസിയുടെ ഏകദിന ലോകകപ്പ് നടക്കാനിരിക്കവെ ഇത്തരമൊരു നീക്കം ശരിയല്ലെന്നും രാഹുൽ ദ്രാവിഡ് പരമാവധി സമയം ടീമിനൊപ്പമുണ്ടാവണമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവരും ഫ്‌ലോറിഡയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും. ഇന്ത്യയുടെ മൂന്ന് മത്സര ടി20 ഐ പരമ്പരയ്‌ക്കായി അയർലണ്ടിലേക്ക് ഇവർ പോകില്ല.
രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്ന ഓൾ ഫോർമാറ്റ് പര്യടനത്തിനായി ഇന്ത്യൻ ടീം നിലവിൽ കരീബിയൻ ദ്വീപിലാണ്. ആഗസ്റ്റ് 13ന് പര്യടനം സമാപിക്കും. ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 23 വരെ നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിന്റെ ചുമതല നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ (എൻസിഎ) പരിശീലകർ ഏറ്റെടുക്കും. വിവിഎസ് ലക്ഷ്മണാകും മുഖ്യ പരിശീലകനായെത്തുക. കഴിഞ്ഞ വർഷം അയർലൻഡ്, വെസ്റ്റ് ഇൻഡീസ് പര്യടനങ്ങളിൽ ലക്ഷ്മൺ പരിശീലകനായി ടീമിനൊപ്പം പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ വർഷവും അയർലാൻഡിൽ ഇന്ത്യ ടി20 പരമ്പര കളിച്ചിരുന്നു. അന്നും ദ്രാവിഡിനും കോച്ചിംഗ് സംഘത്തിനും വിശ്രമം നൽകിയിരുന്നു. ലക്ഷ്മൺ തന്നെയായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. ദ്രാവിഡിനും സംഘത്തിനും വിശ്രമം നൽകാനുള്ള നീക്കത്തിനെതിരേ രൂക്ഷ വിമർശനമാണ് ആരാധകരുടെ ഭാഗത്തു നിന്നുയരുന്നത്. രാഹുൽ ദ്രാവിഡുൾപ്പെട്ട കോച്ചിങ് സംഘത്തിനു ഇനി സ്ഥിരമയി വിശ്രമം നൽകുകയാണെങ്കിൽ അതായിരിക്കും ടീം ഇന്ത്യക്കു ഏറ്റവും നല്ലതെന്നായിരുന്നു ചിലരുടെ പരിഹാസം.
ഐപിഎല്ലിൽ മൂന്നു മാസത്തോളം അവർക്കു വിശ്രമം ലഭിച്ചു. അതു കഴിഞ്ഞ് അടുത്തിടെ തിരിച്ചെത്തിയതേയുള്ളൂ. ഓസ്‌ട്രേലിയയുമായുള്ള ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു ശേഷവും ഒരു മാസത്തെ വിശ്രമം ലഭിച്ചു. എന്തെങ്കിലും റിസൾട്ട് ഉണ്ടാക്കി കാണിച്ചതിന് ശേഷം വിശ്രമിക്കൂയെന്നാണ് പരിഹാസം.
Comments