അഹമ്മദാബാദ്: ഊർജ പരിവർത്തനം നീരിക്ഷിക്കുന്നതിനായി ഇന്ത്യയുമായി ചേർന്ന് കുറഞ്ഞ മൂലധന ചിലവും ഉയർന്ന സ്വകാര്യ നിക്ഷേപവും ഉൾക്കൊളളുന്ന പദ്ധതിയിൽ പ്രവർത്തിക്കാൻ അമേരിക്കയുമായി ധാരണയായി. ഗുജറാത്തിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരമനുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനാണ് ഇക്കാര്യം അറിയിച്ചത്.
‘ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം ഊർജത്തിന്റെ വിഷയത്തിൽ മാത്രമല്ല, വാണിജ്യപരവും സാങ്കേതികവുമായ സഹകരണം, വിതരണം ശക്തിപ്പെടുത്തൽ തുടങ്ങി നിരവധി സാമ്പത്തിക പ്രശ്‌നങ്ങളെ ഉൾക്കൊളളുന്നു’ ജാനറ്റ് യെല്ലൻ വ്യക്തമാക്കി.
ഇൻക്ലൂസീവ് ചട്ടക്കൂടിൽ നാഴികകല്ലായ ടു പില്ലർ ആഗോള നികുതി കരാർ പൂർത്തിയാക്കുന്നതിനുളള ഇന്ത്യയുടെ ശ്രമത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇരു രാജ്യങ്ങളും ഉടനെ ഒപ്പുവയ്‌ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും യുഎസ് ട്രഷറി സെക്രട്ടറി കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അമേരിക്കൻ സന്ദർശനവും യുഎസ് പ്രസിഡന്റുമായുളള കൂടിക്കാഴ്ചയും ഇന്ത്യ- യുഎസ് പങ്കാളിത്തതിന്റെ ശക്തി വർദ്ധിപ്പിച്ചതായി ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമനും ചൂണ്ടിക്കാട്ടി.
Comments