കർക്കിടക മാസത്തിൽ ഭക്ഷണത്തിന്റെ ചിട്ടകളും ആരോഗ്യ ചിട്ടകളുമെല്ലാം വളരെ പ്രാധാന്യം അർഹിക്കുന്നു. ഈ മാസത്തിൽ ചിലത് കഴിക്കുകയും ചിലത് ഒഴിവാക്കുകയും വേണം. പൊതുവെ രോഗസാദ്ധ്യതാ കൂടുതലുള്ള മാസമായാണ് കർക്കിടക മാസത്തെ കണക്കാക്കുന്നത്. കർക്കിടക മാസത്തിൽ ഇലക്കറികൾ വളരെ കൂടുതൽ കഴിക്കണമെന്ന് പറയുന്നു. കർക്കിടകത്തിൽ പത്തിലക്കറി എന്നൊരു വിശേഷണം തന്നെയുണ്ട്. നമ്മുടെ പറമ്പുകളിൽ ഇലകളാണിവ.താള്, തകര, തഴുതാമ, ചേമ്പ്, പയറിലെ, ചേനയിലെ, കുമ്പളം, മത്തൻ, ചൊറിയണം, മുള്ളൻചീര, നെയ്യുണ്ണി, കൂവളത്തില, വടത്തകര, കടുകുടുങ്ങ എന്നിവയാണ് പത്തിലകൾ.
ഇത് കൂടാതെ പ്രധാനപ്പെട്ടത് മുരിങ്ങയില ആണ്. ഇന്ന് ഇത്തരം കാര്യങ്ങളിൽ വലിയ ചിട്ടകളില്ലെങ്കിലും പണ്ട് കാലത്ത് മുരിങ്ങയുമായി ബന്ധപ്പെട്ട ചില ചിട്ടവട്ടങ്ങൾ ഉണ്ടായിരുന്നു. പണ്ട് കാലത്ത് മുരിങ്ങ വയ്‌ക്കുന്നത് കിണറ്റിന് സമീപത്തായിരുന്നു.ഇതിന് പിന്നിലെ കാരണം കിണറ്റിലെ വിഷം വലിച്ചെടുക്കുന്നു എന്നതായിരുന്നു.എന്നാൽ പെട്ടെന്ന് നനവ് കിട്ടുന്നതും വളർച്ചയ്‌ക്ക് സഹായകമാകുന്നതും കിണറ്റിൻ കരയിൽ വെച്ച് പിടിപ്പിക്കുമ്പോഴാണ്.
മുരിങ്ങയില വിഷം വലിച്ചെടുക്കുന്നത് തടിയിലൂടെ ആണെങ്കിലും ഇത് മഴക്കാലത്ത് പുറന്തള്ളുന്നത് വിഷം ആണെന്നും ഇതിന്റെ ഇലകളിലും വിഷം അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. മുരിങ്ങയിലയ്‌ക്ക് മഴക്കാലത്ത് കയ്പ്പ് കൂടുതലാണ്. ഇത് കാരണം വിഷാംശം ആണെന്നും പറയപ്പെടുന്നു. എന്നാൽ ഇതിൽ വാസ്തവമില്ല. മുരിങ്ങ വിഷം വലിച്ചെടുക്കുന്നതിനല്ല മറിച്ച് നനവ് ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് കിണറ്റിൻ കരയിൽ വെയ്‌ക്കുന്നത്.
മുരിങ്ങയിലയിൽ വലിയതോതിൽ സെല്ലുലോസ് അടങ്ങിയിട്ടുണ്ട്. ഈ സെല്ലുലോസ് ദഹിക്കണം എങ്കിൽ നമ്മുടെ ശരീരത്തിൽ സെല്ലുലൈസ് എന്ന ഒരു എൻസൈം ആവശ്യമാണ്. എന്നാൽ മനുഷ്യ ശരീരത്തിൽ സെല്ലുലൈസ് എന്ന എൻസൈം നിർമ്മിക്കപ്പെടുന്നില്ല. മുരിങ്ങയില അരച്ച് ഉപയോഗിക്കുകയാണെങ്കിൽ ഇതിലുള്ള കുറച്ച് ന്യൂട്രിയൻസ് എൻസൈം ലയിപ്പിച്ച് ശരീരം വലിച്ചെടുക്കുകയും ബാക്കിയുള്ളവ ഫൈബർ ആയി പുറത്തു പോവുകയും ചെയ്യുന്നു. എന്നാൽ വേവിച്ച് കഴിക്കുന്നതോടെ സെല്ലുലോസ് കുറെയൊക്കെ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്നു. ബാക്കിയുള്ള സെല്ലുലോസ് മല വിസർജ്ജനത്തിലൂടെ പുറത്തേക്ക് പോകും.
കർക്കിടകത്തിൽ കഴിയണമെന്ന് പറയുന്ന ബാക്കി ഇലകളിൽ ഈ പ്രത്യേക ഘടകം ചെറിയ തോതിൽ മാത്രമാണ് ഉള്ളത്. ഇതിനാൽ തന്നെ ദഹനം ബുദ്ധിമുട്ടാകില്ല. എന്നാൽ മുരിങ്ങയില കർക്കിടകമാസം കഴിക്കുന്നതോടെ ദഹനത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മുരിങ്ങയില കർക്കിടക മാസത്തിൽ ദോഷ ഫലമാണ് നൽകുന്നത് എന്ന് പറയുന്നതിന് പിന്നിൽ മറ്റ് ചില ശാസ്ത്രീയ വശങ്ങൾ കൂടിയുണ്ട്. മഴക്കാലത്ത് ശരീരത്തിന് ചൂട് നൽകുന്നതിനായി കൊഴുപ്പ് ആവശ്യമാണ്. മുരിങ്ങയില ശരീരത്തിൽ കൊഴുപ്പ് വലിച്ചെടുക്കുന്നതിനെ തടയുന്നു. മഴക്കാലത്ത് ആവശ്യമായ കൊഴുപ്പ് മുരിങ്ങയില തടയും.
Comments