ന്യൂഡൽഹി: വരാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ സുരക്ഷ കണക്കിലെടുത്ത് മുൻനിര ഷാർപ്പ് ഷൂട്ടർമാരായി പ്രവർത്തിക്കാൻ ഡൽഹി പോലീസിലെ 19 വനിതാ കമാൻഡോകൾക്ക് ‘മാർക്ക് വുമൺ’ പരിശീലനം നൽകി. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ടീം പരിശീലനം നൽകിയ ആദ്യ ബാച്ച് വനിതാ കമാൻഡോകളാണ് ഇവർ.
വരാനിരിക്കുന്ന ജി-20 ഉച്ചകോടിയോടനുബന്ധിച്ച് സമ്മേളനത്തിനെത്തുന്ന പ്രതിനിധികൾക്ക് സുരക്ഷ നൽകാൻ ഡൽഹി പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും ഇത് മുൻനിർത്തിയാണ് ഇവർക്ക് പരിശീലനം നൽകിയതെന്നും സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ് (സ്‌പെഷ്യൽ സെൽ) എച്ച്ജിഎസ് ധലിവാൾ പറഞ്ഞു.
മദ്ധ്യപ്രദേശിലെ കരേരയിലെ ഐടിബിപിയുടെ നാലാഴ്ചത്തെ പരിശീലനം 19 വനിതാ കമാൻഡോകളും വിജയകരമായി പൂർത്തിയാക്കിയതായി ധലിവാൾ പറഞ്ഞു. മികച്ച വനിതാ കമാൻഡോയ്‌ക്ക് നിലവിൽ 100 യാർഡ് ദൂരത്തിലുള്ള ലക്ഷ്യത്തിലേയ്‌ക്ക് വെടിയുണ്ട പായിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തിൽ കോൺസ്റ്റബിൾ കിരൺ 95 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനത്തെത്തി.
Comments