രാമന്റെ വനവാസം നിശ്ചയിക്കപ്പെട്ട ശേഷം ലക്ഷ്മണൻ ക്രോധാകുലനായി. രാമൻ അനുജനെ അനുനയിപ്പിക്കുന്നു എന്നു മാത്രം വാല്മീകി തന്റെ രാമായണത്തിൽ പറയുമ്പോൾ എഴുത്തച്ഛന്റെ രാമായണത്തിലെ ലക്ഷ്മണോപദേശം അതിഗംഭീരമായി വായിക്കാവുന്നതാണ്. മനുഷ്യജീവിതത്തിന്റെ നിരർത്ഥകത വ്യക്തമാകുന്ന നിരവധി ഉപമകളാൽ സമ്പുഷ്ടമാണ് ഈ ഭാഗം. സംസ്കൃത പദങ്ങൾ യഥേഷ്ടമുപയോഗിച്ച് മലയാളത്തിന് സംസ്കൃതവും വഴങ്ങുമെന്ന് എഴുത്തച്ഛൻ തെളിയിച്ചിരിക്കുന്നു. മലയാളത്തിന്റെ പിറവി തമിഴിൽ നിന്നാണെന്ന് പറയാറുണ്ട്. പക്ഷേ സംസ്കൃത വാക്കുകൾ സാധാരണ മലയാളിക്കു പോലും മനസ്സിലാകുന്നതിൽ എഴുത്തച്ഛന്റെ ഇത്തരം പ്രയോഗങ്ങൾ കാരണമായിട്ടുണ്ട്.
ലക്ഷ്മണാേപദേശത്തിലെ ചില വരികൾ ഒന്നു നോക്കാം.
“വത്സ സൗമിത്രേ” എന്നു തുടങ്ങുന്ന ഈ ഭാഗത്തിലെ താഴെക്കാണുന്ന വരികൾ മനുഷ്യജീവിതത്തിന്റെ ക്ഷണഭംഗുരത വിശദമാക്കുന്നു.
“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ.
വഹ്നിസന്തപ്തലോഹസ്ഥാംബു ബിന്ദുനാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം,
ചക്ഷുശ്രവണഗളസ്ഥമാം ദർദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു
മാലോലചേതസാ ഭോഗങ്ങൾ തേടുന്നു.
പുത്രമിതാർത്ഥകളത്രാദി സംഗമ
മെത്രയുമല്പകാലസ്ഥിതമോർക്ക നീ
പാന്ഥർ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു
മെത്രയും ചഞ്ചലമാലയസംഗമം.”
ഭ്രമിപ്പിക്കുന്ന സുഖാനുഭവങ്ങൾക്ക് (ഭോഗങ്ങൾ) മിന്നലിന്റെ ആയുസ്സേ ഉള്ളു (ക്ഷണപ്രഭ= മിന്നൽ) അതുപോലെ ചഞ്ചലമാണ് -അസ്ഥിരമാണ് സുഖങ്ങളും. മേഘവിതാനത്തിലെ വിദ്യുല്ലേഖപോലെ ചഞ്ചലമാണ് ഭാേഗങ്ങൾ എന്നു മൂലം, തുടർന്നും മൂലാനുസാരിതന്നെ ആശയങ്ങൾ.(വേഗേന നഷ്ടമാമായുസ്സുമാേർക്ക നീ).
എന്ന ആശയം ലക്ഷ്മണനിലേക്ക് അഭിമുഖമാക്കുന്നതാവട്ടെ, എഴുത്തച്ഛന്റെ ആഖ്യാനകൗശലത്തിനുള്ള സാക്ഷ്യമാകുന്നു. തീയിൽ ചുട്ടുപഴുത്ത ഇരുമ്പ് (വഹ്നി സന്തപ്ത ലോഹം), ആ ഇരുമ്പിനുമേൽ ഒരു തുള്ളി വെള്ളം (അംബുബിന്ദു ) എത്ര വേഗം വറ്റുമോ, അതിനു തുല്യമാണ് മനുഷ്യജീവിതം. അതു നശിക്കുന്നു. (ശരിക്കും മൂലത്തിലെ ആശയം) ഇതറിയാതെ സുഖാനുഭവങ്ങളിൽ കൊതി പുലർത്തുന്ന ലോകബോധം എത്ര ദയനീയം എന്ന ആലോചനയാണ് തുടർന്ന് ഉന്നയിക്കുന്നത്. വ്യാളഗളസ്ഥമായാലും ഭേകം ഏതുപോലെ ദംശങ്ങളെ അപേക്ഷിക്കുന്നുവോ, അതുപോലെ കാലാഗ്നിയാൽ ഗ്രസ്തമായ ശാശ്വതങ്ങളായ രോഗങ്ങളെ അപേക്ഷിക്കുന്നു എന്ന് മൂലവാക്യം. ആശയമല്ല, അതിന്റെ ഘടനയടക്കം മൂലത്തെ അവലംബിച്ചുകൊണ്ടുതന്നെ എഴുത്തച്ഛൻ അവതരിപ്പിക്കുന്നു. അപ്പോഴും അതിൽ പൊലിമ വരുത്തുന്നു എന്നത് പ്രധാനം. അങ്ങനെ അദ്ദേഹത്തിന്റെ ഏറ്റവും വിഖ്യാതമെന്നു പറയാവുന്ന നാലുവരി രൂപപ്പെടുന്നു.
ചക്ഷു ശ്രവണൻ = പാമ്പ്. ആ പാമ്പിന്റെ വായിൽപ്പെട്ടാലും അകപ്പെട്ടതറിയാതെ ദർദ്ദുരം (തവള) നീട്ടിയ നാവുകൊണ്ട് അടുത്തു വരുന്ന പ്രാണികളെ പിടിച്ചു തിന്നാൻ നാവു നീട്ടുന്നു. ഈ തവളയുടെ അതേ അവസ്ഥയാണ് ലോകത്തിനും (ലോകത്തിലെ ആളുകൾക്ക് എന്നർഥം). അവരും ഒരു പാമ്പിന്റെ വായിൽത്തന്നെ കാലം എന്ന പാമ്പ് (കാലാഹി =കാലമാകുന്ന പാമ്പ്). ആ കാലമാകുന്ന പാമ്പിനാൽ വിഴുങ്ങപ്പെട്ടവരാണല്ലോ നാമെല്ലാം. എന്നിട്ടും ഭോഗത്തിനു പിന്നാലെ പായുന്നു.
ആലോലചേതസ = ഇളകുന്ന മനസ്സോടെ (ഈ വിശേഷണം എഴുത്തച്ഛന്റെ വക തന്നെ) മക്കൾ, സുഹൃത്തുക്കൾ, സമ്പത്ത്, ഭാര്യ (കളത്രം) ഒക്കെയുണ്ട ല്ലോ എന്നു തോന്നാം. പക്ഷേ, ഈ ചേർച്ച (“സംഗമം”) നന്നെ ചെറിയ കാലത്തേക്കു മാത്രം നിലനിൽക്കുന്നു എന്നത് പരമാർഥം. മക്കൾ, അച്ഛൻ, അമ്മ, മറ്റു ബന്ധുക്കൾ വീട്ടിൽ ഒത്തുചേരാറില്ലേ (ആലയസംഗമം’) എങ്കിൽ, ആ ചേർച്ച തുലോം ചഞ്ചലമാണ്. വഴിപോക്കർ പെരുവഴിയമ്പലത്തിൽ തളർന്ന സമയത്ത്, വിശ്രമിക്കാനെത്തും, പിന്നെ അതു പാേലെ പിരിഞ്ഞു പോവും. അവരുടെ ചേർച്ച എത്ര അസ്ഥിരമാണോ അതുപോലെ തന്നെ വീട്ടിൽ ബന്ധുക്കളുടെ ചേർച്ചയും. ഇനി ആ ചഞ്ചലതയ്‌ക്ക്, അസ്ഥിരതയ്‌ക്ക്, മറ്റൊരു സാദൃശ്യം ഒഴുകുന്ന നദിയിൽ മരത്തടികൾ (കാഷ്ഠങ്ങൾ) ഒഴുകുന്നതുപോലെ, ആ ഒഴുക്കിനിടയ്‌ക്ക് ചിലപ്പോൾ ഒത്തുകൂടി എന്നു വരാം. ഒഴുക്ക് അടുത്ത നിമിഷത്തിൽ തടികളെ തമ്മിലകറ്റി എന്നും വരാം. ജീവിതബന്ധങ്ങളുടെ നശ്വരതയ്‌ക്ക് അധ്യാത്മരാമായണം മൂലത്തിൽനിന്നു താൻ കണ്ടെടുത്ത ഈ ആശയം എഴുത്തച്ഛനെ നന്നായി ആകർഷിച്ചിട്ടുണ്ട്. പിന്നീട് പലപ്പോഴും മഹാഭാരതത്തിലും മറ്റും ഈ ആശയം പ്രയോഗിച്ചതായിക്കാണാം.
ഇത്തരം പ്രയോഗങ്ങളാണ് അദ്ധാത്മരാമായണത്തിന് പ്രചുരപ്രചാരം നേടിക്കൊടുത്തത്. ഇതിലെ പല ഭാഗങ്ങളും പിന്നീട് പഴമൊഴി പോലെ പലരും ഉപയോഗിക്കുകയുണ്ടായി.എന്തായാലും ഒരു മതഗ്രന്ഥമെന്നതിലുപരി രാമായണത്തെ ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചതും അതിലെ വൈവിദ്ധ്യം തന്നെയാണ് .ലോകത്തെ ഒരു പക്ഷിക്കൂട് പോലെ കണ്ട ഭാരതീയ ഋഷി പരമ്പരയിൽ പലരും പേരുപോലും എഴുതി വച്ചില്ല. ഇദം നമ:മ – ഇത് എൻ്റേതല്ല എന്നു ചിന്തിച്ച് ലോകത്തിനു നൽകിയ വാത്സല്യപൂരത്തിനു മുമ്പിൽ ശതകോടി പ്രണാമം.
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയത്
ഫോൺ
9961609128
9447484819















