ജ്യോതിസ്സിന്റെ കഥയാണ് രാമായണം. രാമൻ പ്രകാശത്തിന്റെ പ്രതിനിധിയാണ്.സൂര്യവംശത്തിന്റെ പ്രതിനിധി.സൂര്യൻ ഭാസ്കരനാണ്, പ്രകാശം പരത്തുന്നവൻ. ആ രാമന്റെ ചലനം അഥവാ രാമന്റെ അയനമാണ് രാമായണം. ഇരുട്ടിന്റെ വക്താക്കളായ രാക്ഷസന്മാരെ വംശവിച്ഛേദനം വരുത്തി നശിപ്പിക്കുന്ന രാമൻ ഇരുട്ടിന്റെ മറവിലും ഭീഷണികളെ മറികടക്കുന്നു. ഒടുവിൽ വിഭീഷണനെ പ്രകാശത്തിന്റെ ദൂതനാക്കി രാമൻ ലങ്കയെ തിരിച്ചുപിടിച്ച് കാലം പ്രകാശത്തിലാക്കി. രാമനിൽ നിന്ന് കാല നിയന്ത്രണം ഏറ്റെടുത്ത വിഭീഷണൻ ചിരഞ്ജീവിയായി മാറി.
രാത്രിഞ്ചരന്മാരുടെ മാരുടെ ആധിക്യം മൂലം ഭൂമിക്ക് ഭാരം വർദ്ധിച്ചപ്പോൾ തലതിരിഞ്ഞ ലങ്കയെ തിരിച്ചുപിടിക്കാൻ കാലം കാലപുരുഷനെ – വിഷ്ണുവിനെ അഭയം തേടുന്നു. ജ്യോതിഷത്തിലെ കാല കാരകനായ പ്രകാശത്തിന്റെ പ്രതിഭാസമായ സൂര്യന്റെ വംശത്തിൽ കാല പുരുഷൻ നാരായണൻ ശ്രീരാമനായി അവതരിച്ചു.
രാവിൽ അണയുന്നവനാണ് രാവണൻ. രാവിനെ വണങ്ങുന്നവൻ, തമസ്സിന്റെ പ്രതിനിധി. ഒളിവിലാണ് പ്രവർത്തനങ്ങൾ.
എന്നാൽ രാവിനെ മായ്‌ക്കുന്ന രാമൻ സൂര്യപുത്രനായ സുഗ്രീവന്റെയും സൂര്യ ശിഷ്യനായ ഹനുമാൻ സ്വാമിയുടെയും തുണയോടെ ലങ്കയെ തിരിച്ചുപിടിച്ചു. സ്വയംഭൂവായ ബ്രഹ്മാവിന്റെ പുത്രൻ ജാംബവാൻ ഗുരു തുല്യനായി കൂടെ നിന്നു. അച്ഛൻ തന്നെ മകൻ എന്ന സിദ്ധാന്തപ്രകാരം സുഗ്രീവൻ സൂര്യൻ തന്നെയാകുന്നു. രാവണന്റെ നേരെ രാമന്റെ വിജയം പ്രകാശത്തിന്റെ വിജയമാണ്. ജ്ഞാനത്തിന്റെ വിജയം “തമസോമാ ജ്യോതിർ ഗമയ”. അസത്യത്തിൽ നിന്നും സത്യത്തിലേക്കുള്ള പ്രയാണം. മൃത്യുവിൽ നിന്നും മൃത്യുഞ്ജയനിലേക്കുള്ള യാത്ര.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments