തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതികളൊന്നും വേണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയ്‌ക്ക് കത്ത് നൽകിയുരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി ആവശ്യം അംഗീകരിക്കുകയായിരുന്നു.
മരണാനന്തരം തന്റെ സംസ്‌കാര ചടങ്ങുകളിൽ നിന്ന് ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്ന് ഉമ്മൻചാണ്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി കുടുംബം പറയുന്നു. ഇതിനാലാണ് മരണാനന്തര ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് ആവശ്യപ്പെട്ട് ഭാര്യ കത്ത് അയച്ചത്.
ജനപ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പരിനായിരങ്ങളാണ് വിലാപ യാത്രയ്‌ക്കിടെ റോഡിന്റെ ഇരു ഭാഗങ്ങളിലും തടിച്ചുകൂടിയത്. പുതുപ്പള്ളിയിലേക്കുള്ള വിലാപ യാത്രയിൽ പൊട്ടി കരയുകയാണ് ജനങ്ങൾ. പൊരുന്തമണ്ണയിലെത്തിയ യാത്ര ഇന്ന് രാത്രിയോടെ പുതുപ്പള്ളിയിൽ എത്തുമെന്നാണ് നിഗമനം. കോട്ടയത്ത് പൊതുദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 2000 പോലീസുകാരെ പൊതുദർശനം നടക്കുന്നിടത്ത് വിന്യസിച്ചിട്ടുണ്ട്.
നാളെ ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് പുതുപ്പള്ളിയിലെ വസതിയിൽ പ്രാർത്ഥന ആരംഭിക്കും. ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലേക്ക് വിലാപയാത്ര. ഉച്ചയ്‌ക്ക് 2 മണി മുതൽ 3.30 വരെ പള്ളിയിൽ പൊതുദർശനം ഉണ്ടായിരിക്കും. 3.30-ന് അന്ത്യശുശ്രൂഷ ആരംഭിക്കും.
Comments