പത്തനംതിട്ട: താന്ത്രിക പൂജകളിൽ മാറ്റത്തിന് തുടക്കം കുറിച്ച കർക്കിടകമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്‌ക്കും. സന്നിധാനത്തെ പതിവ് പൂജകളും വിശേഷാൽ പൂജകളും ഇന്നലെ പൂർത്തിയാക്കിയിരുന്നു.
നിറപുത്തിരി മഹോത്സവത്തിന് വേണ്ടി ഇനി ഓഗസ്റ്റ് ഒമ്പത് വൈകിട്ട് അഞ്ച് മണിയോടെ നട തുറക്കും. പത്തിന് പുലർച്ചെയാണ് നിറപുത്തിരി നടക്കുക. പിതാവ് തന്ത്രി കണ്ഠരര് രാജീവർ രാജീവർക്കൊപ്പം എത്തിയ കണ്ഠര് ബ്രഹ്‌മദത്തനായിരുന്നു താന്ത്രിക പൂജകൾക്ക് നേതൃത്വം നൽകിയിരുന്നത്. കണ്ഠര് നീലകണ്ഠരരുടെ ചെറുമകനാണ് കണ്ഠര് ബ്രഹ്‌മദത്തൻ.
മേൽശാന്തി കെ ജയരാമൻ നമ്പൂതിരി, കീഴ്ശാന്തി ശ്രീകാന്ത് നമ്പൂതിരി എന്നിവർക്കൊപ്പം മഹാഗണപതി ഹവനം, കലശാഭിഷേകം, ലക്ഷാർച്ചന, കളഭാഭിഷേകം, ഭസ്മാഭിഷേകം, പടി പൂജ, പുഷ്പാഭിഷേകം എന്നിങ്ങനെയുള്ള പ്രധാനപൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചതും ബ്രഹ്‌മദത്തനായിരുന്നു. തന്ത്രി കണ്ഠര് മഹേശ്വരരുടെ ദേഹവിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ കണ്ഠരര് മോഹനരുടെ മകൻ കണ്ഠര് മഹേഷ് മോഹനായിരുന്നു താന്ത്രിക പൂജകൾക്ക് നേതൃത്വം നൽകിയത്. ചിങ്ങം മുതൽ കർക്കിടകം വരെയുള്ള ഓരോ വർഷവും ചെങ്ങന്നൂർ കല്ലിശേരി താഴമൺമഠത്തിലെ രണ്ട് കുടുംബങ്ങളിൽപ്പെട്ട ആൺമക്കൾക്കോ അവരുടെ ആൺമക്കൾക്കോ ആണ് ശബരിമലയിൽ താന്ത്രിക പൂജകൾ നടത്തുന്നതിനുള്ള അവകാശമുള്ളത്.
Comments